അടൂർ: ആതുര ശുശ്രൂഷയിലെ സ്നേഹ സ്പർശം മാത്രമല്ല അടൂർ ജനറൽ ആശുപത്രിയിലെ നെഴ്സിംഗ് അസിസ്റ്റാന്റായ ടി.സുരേന്ദ്രനെ വത്യസ്ഥനാക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സ്വന്തം കൈയ്യിൽ നിന്നും പണമെടുത്ത് മാനവസേവ കൂടി ചെയ്താണ് ഈ ഉദ്യോഗസ്ഥൻ ശ്രദ്ധേയനായത്. പൊരിവെയിലിൽ നിന്ന്വാഹന പരിശോധന നടത്തുന്ന പൊലീസുകാരുടെ അവസ്ഥ മനമലിയിച്ചു. അവർക്കായി ഇന്നലെ 150 കുപ്പി വെള്ളം പണം നൽകിവാങ്ങി വിവിധ ഇടങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന പൊലീസുകാർക്കും മറ്റ് മേഖലകളിൽ ഡ്യൂട്ടി നോക്കുന്നവർക്കും നൽകി.അതുകൊണ്ടും തന്റെ ദൗത്യം പൂർത്തിയാക്കാൻ മനസുവന്നില്ല. പഴയതയ്യൽക്കാരനായ സുരേന്ദ്രൻ തന്റെ തയ്യൽമെഷീൻ പൊടിതട്ടിയെടുത്ത് ഓയിൽ ഒഴിച്ച് മാസ്ക്ക് നിർമ്മാണവും ആരംഭിച്ചു. ഇത്തരത്തിൽ തുന്നിയ 100ൽപ്പരം മാസ്ക്കും കഴിഞ്ഞ ദിവസം ആശുപത്രി ജീവനക്കാർക്കും ആരോഗ്യമേഖലയിൽ സേവനം അനുഷ്ഠിക്കുന്ന വോളണ്ടിയർമാർക്കും നൽകി.തുവയൂർ സൗത്ത് ശിവമംഗലത്ത് വീട്ടിൽ ടി.സുരേന്ദൻ കോവിഡ് 19 മായിബന്ധപ്പെട്ട് ആശുപത്രിയിലെ തിരക്കാർന്ന ജോലിക്ക് ശേഷം ലഭിക്കുന്ന സമയത്താണ് തന്റെ ചെറിയ വരുമാനത്തിൽ നിന്നുള്ള തുക വിനിയോഗിച്ച് കുപ്പിവെള്ള വിതരണവും മാസ്ക്കും നൽകുന്നത്. ആശുപത്രി ജോലി ലഭിക്കുന്നതിന് മുൻപ് തയ്യൽക്കട നടത്തുകയായിരുന്നു. ആ പരിചയത്തിൽ നിന്നാണ് മാസ്ക്കിന്റെ ദൗർലഭ്യം കണ്ടറിഞ്ഞ് കഴുകി ഉപയോഗിക്കാവുന്ന മാസ്ക്ക് നിർമ്മിച്ചു വിതരണം ചെയ്തത്.