തിരുവല്ല: സാനിറ്റൈസർ നിർമ്മാണത്തിലും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രദ്ധ. ചാത്തങ്കരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ 5 ഗ്രാമപഞ്ചായത്തുകളിലാണ് സാനിറ്റൈസർ നിർമ്മിച്ചു നൽകുന്നത്. ഇതിനായി എക്‌സൈസ് കമ്മിഷണർ ലൈസൻസ് നൽകിയിട്ടുണ്ട്. പുളിക്കീഴ് ഷുഗർ ഫാക്ടറിയിൽ നിന്നാണ് ഇതിന് ആവശ്യമായ സ്പിരിറ്റ് ലഭിക്കുന്നത്. ചാത്തങ്കരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ.സുനിതാ കുമാരി, നോഡൽ ഓഫീസർ ഡോ.മാമ്മൻ പി. ചെറിയാൻ എന്നിവർ നേതൃത്വം നൽകുന്നു. നിർമ്മാണ ഉദ്ഘാടനം തിരുവല്ല സബ് കളക്ടർ ഡോ. വിനയ് ഗോയൽ നിർവ്വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.സുനിത കുമാരിക്ക് സാനിട്ടൈസർ നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മോഹൻ വിതരണോദ്ഘാടനം നിർവഹിച്ചു. മുൻ പ്രസിഡന്റുമാരായ ഈപ്പൻ കുര്യൻ,സതീഷ് ചാത്തങ്കരി, ജില്ലാ പഞ്ചായത്ത് മെമ്പർ സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂസമ്മ പൗലോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോശാമ്മ മജു, ബിനിൽ കുമാർ, മെമ്പർമാരായ അനുരാധ സുരേഷ്, എം.ബി.നൈനാൻ, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ്, സെക്രട്ടറി ബീനാകുമാരി, നോഡൽ ഓഫീസർ ഡോ.മാമ്മൻ പി. ചെറിയാൻ, ഡോ.കോശി പണിക്കർ, ഹെൽത്ത് സൂപ്പർവൈസർ കെ.എം.സാബുക്കുട്ടി എന്നിവർ പങ്കെടുത്തു.
-----------------
ആദ്യഘട്ടത്തിൽ 1000 ബോട്ടിൽ
ആദ്യഘട്ടമായി 200 ലിറ്റർ സ്പിരിറ്റിൽ 1000 ബോട്ടിൽ സാനിറ്റൈസർ നൽകും. കോവിഡ് 19 പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെടുന്ന ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, ജനപ്രതിനിധികൾ, കമ്മ്യൂണിറ്റി കിച്ചണിൽ സേവനം നടത്തുന്ന അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, ക്വാറൻറൈനിൽ കഴിയുന്ന കുടുംബങ്ങൾ എന്നിവർക്ക് പുറമേ ബ്ലോക്കിന്റെ പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലും ഒന്നാംഘട്ടമായി സാനിട്ടൈസർ നൽകും.