പത്തനംതിട്ട: കൊവിഡിനെ പൊരുതി തോൽപ്പിച്ച് വീട്ടിലേക്ക് മടങ്ങിയെത്തിയ റാന്നി ഐത്തല പട്ടയിൽ വീട്ടിൽ തോമസിനും (93) ഭാര്യ മറിയാമ്മയ്ക്കും (89) എല്ലാം ഇപ്പോൾ പഴയതുപോലെ....അസുഖം വരുന്നതിന് മുൻപ് വരെ തോമസ് പുലർച്ചെ അഞ്ചിന് ഉണർന്ന് കടുംകാപ്പിയിടുമായിരുന്നു. ഒരു കപ്പിൽ മറിയാമ്മയ്ക്കും വച്ചിരിക്കും. എന്നിട്ട് പൂമുഖത്ത് ചാരുകസേരയിൽ ചാഞ്ഞുകിടന്ന് കാപ്പി കുടിക്കും.. ഇന്നലെ മുതൽ ചെറിയ വ്യത്യാസത്തോടെ തോമസ് ഈ പതിവ് രീതികൾ പുനരാരംഭിച്ചു. മറിയാമ്മ രാവിലെ എഴുന്നേറ്റപ്പോൾ മുൻപത്തെ പോലെ കടുംകാപ്പി കിട്ടി. നോക്കിയപ്പോൾ തോമസ് ആ ചാരുകസേരയിൽ കിടന്ന് ചൂട് കാപ്പി നുണയുന്നു. പക്ഷേ തോമസിന്റെ ആരോഗ്യ നില
പഴയ നിലയിലെത്താത്തതിനാൽ കാപ്പിയിട്ടത് കുടുംബാംഗങ്ങളിലൊരാളാണെന്ന് മാത്രം. രാവിലെ മരുന്ന്, പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് തോമസിന് ഏറ്റവും പ്രിയപ്പെട്ട കപ്പയും ചോറും. അങ്ങനെ ജീവിതം വീണ്ടും പഴയ രീതിയിലേക്ക്... വീട്ടിൽ ഇല്ലാത്തതിന്റെ സുഖക്കേട് ശരിക്കും അനുഭവിച്ചു. വർഷങ്ങളായി തുടർന്നു വന്ന ദിനചര്യ കഴിഞ്ഞ ഒരു മാസത്തോളമായി തെറ്റിയിരുന്നെങ്കിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവിതം ബുദ്ധിമുട്ടൊന്നുമുണ്ടാക്കിയില്ലെന്ന് തോമസ് പറയുന്നു. കൊവിഡിനെ അതിജീവിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ഈ രോഗികളാണിവർ. പാടത്തെ ചേറിൽ പൊരുതി നേടിയ കർഷക ജീവിതാനുഭവം കൊവിഡിനെ തോൽപ്പിക്കാൻ തോമസിനെ സഹായിച്ചു. രണ്ടാം വയസിൽ അപ്പന്റെ മരണം കണ്ട തോമസിന് തിരിച്ചറിവ് കാലത്ത് കുടുംബഭാരം ചുമലിലേറ്റേണ്ടി വന്നിരുന്നു. ഇറ്റലിയിൽ നിന്നെത്തിയ ഇളയമകൻ മോൻസി എബ്രഹാം, ഭാര്യ രമണി, മകൻ റിജോ എന്നിവരിൽ നിന്നാണ് തോമസിനും മറിയാമ്മയ്ക്കും രോഗം പകർന്നത്. കാെവിഡാണ് എന്നറിഞ്ഞ് ആശുപത്രിയിലായപ്പോൾ മക്കൾക്ക് എന്തെങ്കിലും പറ്റുമോയെന്നായിരുന്നു ഭയം. ''ഞങ്ങളെ കാണാൻ ഇറ്റലിയിൽ നിന്നു വന്നവരാണ് മോൻസിയും കുടുംബവും. പെട്ടെന്ന് അസുഖമായി ഞങ്ങളെല്ലാം ആശുപത്രിയിൽ കിടക്കേണ്ടി വന്നപ്പോൾ വിഷമം തോന്നി. എല്ലാവർക്കും ഭേദമായതുകൊണ്ട് സന്തോഷം. ദൈവത്തിനും ഡോക്ടർമാർക്കും സർക്കാരിനും നന്ദി''- മറിയാമ്മ ഫോണിൽ കേരള കൗമുദിയോട് പറഞ്ഞു.
രോഗം വന്ന വഴി
നാല് വർഷത്തിന് ശേഷം ഇറ്റലിയിൽ നിന്നെത്തി അപ്പച്ചനെയും അമ്മച്ചിയെയും കണ്ടതിന്റെ ആഹ്ളാദത്തിൽ റിജോയാണ് ആദ്യം തോമസിനെയും മറിയാമ്മയെയും കെട്ടിപ്പിടിച്ച് ഉമ്മവച്ചത്. മോൻസിയും രമണിയും അപ്പന്റെയും അമ്മയുടെയും നെറുകയിൽ ചുംബിച്ച് സ്നേഹം പകർന്നു. പിന്നീട് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചപ്പോൾ മോൻസിക്കും കുടുംബത്തിനും പ്രായമായ അപ്പച്ചന്റെയും അമ്മച്ചിയുടെയും കാര്യത്തിലായിരുന്നു ആശങ്ക. മോൻസിയും കുടുംബവും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അഡ്മിറ്റായതിന്റെ പിറ്റേന്ന് തോമസിനും മറിയാമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. അവരെയും പത്തനംതിട്ടയിലെത്തിച്ചു. പ്രായാധിക്യത്തെ തുടർന്ന് താേമസിനെയും മറിയാമ്മയെയും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഫോട്ടോ
കൊവിഡ് ചികിത്സ കഴിഞ്ഞ് റാന്നി ഐത്തലയിലെ വീട്ടിലെത്തിയ തോമസും ഭാര്യ മറിയാമ്മയും കപ്പ കഴിക്കുന്നു