തിരുവല്ല: കോവിഡ് 19 ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി ഗാർഹിക നിരീക്ഷണം ഏർപ്പെടുത്തിയിരുന്ന വീട്ടിലെത്തിയ മലപ്പുറം, കണ്ണൂർ സ്വദേശികളായ ബന്ധുക്കളെയും നിരീക്ഷണത്തിലാക്കി.നഗരസഭ 38-ാം വാർഡിലെ മുത്തൂർ നാങ്കര മലയിൽ അമേരിക്കയിൽ നിന്നെത്തി ഗാർഹിക നിരീക്ഷണത്തിൽ കഴിയുന്ന യുവതിയുടെ വീട് സന്ദർശിച്ച അടുത്ത ബന്ധുക്കളായ നാലുപേരെയാണ് ശനിയാഴ്ച മുതൽ യുവതി നിരീക്ഷണത്തിലിരിക്കുന്ന വീട്ടിൽത്തന്നെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കിയത്. അത്യാസന്ന നിലയിൽ കഴിയുന്ന മാതാവിനെ കാണാനാണ് ഇവർ എത്തിയത്. നിരീക്ഷണത്തിലുള്ള വീട്ടിൽ ഇതര ജില്ലയിൽ നിന്ന് സന്ദർശകരെത്തിയ വിവരം സമീപവാസികൾ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. നിലവിൽ നിരീക്ഷണം തുടരുന്ന യുവതിയുടെ നിരീക്ഷണ കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. കോവിഡ് നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകൾ സന്ദർശിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എ.എൽ ഷീജ അറിയിച്ചു.