പന്തളം: പാടം പാട്ടത്തിനെടുത്തു കൃഷി ചെയ്ത കർഷകൻ നെല്ലു കൊയ്‌തെടുക്കാനാകാതെ കണ്ണീരിൽ.പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കരിങ്ങാലി പാടശേഖരത്തിലെ പന്തളം നഗരസഭയിലും പാലമേൽ പഞ്ചായത്തിലും ഉൾപ്പെടുന്ന തോണ്ടുകണ്ടം ഏലായിലെ 'ഇരുന്നൂറോളം ഏക്കറിൽ നെൽകൃഷി ഇറക്കിയ കുടശനാട് കലാഭവനിൽ കണ്ണ(കിരൺ)നാണ് നെല്ല് കൊയ്ത് എടുക്കുവാൻ കഴിയാതെ വിഷമിക്കുന്നത്. അമ്പതിൽപരം ആളുകളിൽ നിന്നും പാട്ടത്തിനെടുത്ത നിലത്തിലാണ് കണ്ണൻ കൃഷിയിറക്കിയത്. കൊവിഡ്19 കാരണവും കെയ്ത്ത് മെതിയന്ത്രം യഥാസമയത്ത് കിട്ടാത്തതുമാണ് നെല്ല് കെയ്തെടുക്കാൻ കഴിയാത്തതിന് കാരണം.കഴിഞ്ഞ ഡിസംബർ രണ്ടിനാണ് കൃഷി ഇറക്കിയത്.അത്യുത്പ്പാദനശേഷിയും മൂപ്പ് കൂടിയ തുമായ ഉമ ഇനത്തിൽപ്പെട്ട വിത്താണ് വിതച്ചത്.120 ദിവസത്തിനകം വിളവ് എടുക്കാൻ കഴിയുന്നതാണ് ഉമ.
നെൽമണികൾ കൊഴിഞ്ഞു തുടങ്ങി
കൃഷിവകുപ്പ് അധികൃതരടക്കമുളളവരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി എടുത്തില്ല.വിളഞ്ഞ് നെൽ മണികൾ കൊഴിഞ്ഞു തുടങ്ങി. മഴ പെയ്താൽ നെല്ല് വെള്ളത്തിലാകും. ഇതോടെ കൊയ്ത് എടുക്കാൻ കഴിയുകയുമില്ല.നിലങ്ങളിൽ കൃഷി ഇറക്കുന്നതിന് ഒരു ഹെക്ടറിന് കർഷകന് 25000രൂപയും നിലം ഉടമകൾക്ക് 5000രൂപയും സർക്കാർ നൽകുമെന്നാണ് പറഞ്ഞതെങ്കിലും ഇതുവരെ ഒരു രൂപകിട്ടിയിട്ടില്ല. ആകെ കിട്ടിയത് നെൽവിത്ത് മാത്രമാണ്.നിലം ഉടമകൾക്ക് കർഷകനായ കണ്ണൻ ഏക്കറിന് 2000രൂപ വച്ച് നൽകി പാട്ടത്തിനെടുത്താണ് കൃഷി ഇറക്കിയത്.20 വർഷത്തിലേറെയായി തരിശായി കിടന്നതാണ് ഈ നിലങ്ങൾ.കൊയ്ത്ത് മെതിയന്ത്രം 10ദിവസം തുടർച്ചയായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമെ നെല്ല് എല്ലാം കൊയ്‌തെടുക്കാൻ കഴിയുകയുള്ളു.കൊവിഡ് കാരണം തൊഴിലാളികൾക്കെത്താൻ കഴിയാഞ്ഞതും കൊയ്ത്ത് മുടങ്ങാൻ കാരണമായി.
-200 ഏക്കറിലെ നെൽക്കൃഷി
-നിലം ഉടമകൾക്ക് 2000 രൂപ പാട്ടത്തിന് നൽകി
-സർക്കാർ ധനസഹായം കിട്ടിയിട്ടില്ല
നല്ല വിളവും വിലയും,കാലാവസ്ഥ അനുകൂലമായി ലഭിച്ചാൽ കൃഷി നഷ്ടം വരില്ല. 2018ലെ പ്രളയത്തിൽ മത്സ്യകൃഷിയിൽ അമ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
കണ്ണൻ
(കർഷകൻ)