ചെങ്ങന്നൂർ: ഉപയോഗത്തിന് ഹാനികരവും പഴകിയതുമായ മീൻ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കച്ചവടം നടത്തുന്നതായി പരാതി.കോവിഡ് 19 രോഗവ്യാപനത്തെത്തുടർന്ന് രാജ്യം ലോക്ക് ചെയ്ത സാഹചര്യത്തിൽ മീൻ വിപണിയിൽ സുലഭമായി എത്താതായ അവസരം മുതലെടുത്താണ് (അടവെച്ച മത്സ്യം ) പഴകിയ മീൻ കച്ചവടത്തിനായി വഴിയരികിലെ വ്യാപാരികൾ കൊണ്ടുവന്ന് വില്ക്കുന്നത്.കല്ലിശേരി, ചെങ്ങന്നൂർ, പേരിശേരി, മുളക്കുഴ, കൊല്ലകടവ്, കുളിക്കാം പാലം, പാലച്ചുവട് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ പഴകിയ മീൻ കച്ചവടം തകൃതിയായി നടക്കുന്നുണ്ട്. കഴിഞ്ഞദിവസം എം.സി റോഡരികിലെ കടയിൽ നിന്നും മത്സ്യം വാങ്ങിയ സമീപവാസി മീൻ പാകം ചെയ്തപ്പോൾ നിറം മാറുകയും അരുചി അനുഭവപ്പെട്ടിരുന്നു. കല്ലിശേരി പറയനക്കുഴിയിൽ വഴിയോരക്കച്ചവടക്കാരിൽ നിന്നും വാങ്ങിയ മീൻ വാങ്ങി ഉപയോഗിച്ച നിരവധി ആൾക്കാർ പരാതിയുമായി രംഗത്തെത്തി.മീൻ കറിവച്ചതിനു ശേഷം ഉപയോഗിച്ചപ്പോൾ അരുചി തോന്നുകയും ,ഇതിന്റെ മാംസം അടർത്തുമ്പോൾ ചുവപ്പ്നിറം കണ്ടതായും, ദുർഗന്ധം അനുഭവപ്പെട്ടതായും ഉപഭോക്താക്കൾ പറയുന്നു.അതേ സമയം വള്ളവും ,ചെറിയബോട്ടുകളും ഇറക്കിയെന്നും അങ്ങനെ പിടിച്ചു കൊണ്ടുവരുന്ന മീനുകളാണ് വിപണിയിൽ വിൽക്കുന്നതെന്നുമാണ് വഴിയോരക്കച്ചവടക്കാർ ഉപഭോക്താക്കളോട് പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കുന്നത്.
ഫോർമാലിൻ, മാരക രോഗങ്ങൾ വരുത്തും......
ഇതിനു സമാനമായി വെൺമണിയിൽ നിന്നും കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധനയിൽ വ്യാപാരത്തിനു വച്ച പഴകിയ മത്സ്യം സ്‌ക്വാഡ് പിടികൂടിയിരുന്നു. പരിശോധനയിൽ മീൻ ഭക്ഷ്യയോഗ്യമല്ലന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇവ നശിപ്പിച്ചു കളയുകയും കച്ചവടക്കാരന് താക്കീത് ചെയ്ത് വിടുകയും ചെയ്തിരുന്നു.വഴിയോര മീൻ കച്ചവടക്കാരും,മൊത്ത വ്യാപാരികളും മീൻകേടു വരാതിരിക്കാൻ ഫോർമലിൻ,അമോണിയ എന്നിവ,കലർത്തിയാണ് മത്സ്യം വിപണനത്തിന് എത്തിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ്,ആരോഗ്യ വകുപ്പ്,ഫിഷറിസ് ഡിപ്പാർട്‌മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ മുൻപ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളതാണ്.ദിവസങ്ങളോളം പഴക്കമുള്ള മീനുകളാണിവയെന്നും ഫോർമലിൻ ഉള്ളിൽ ചെന്നാൽ ആന്തരീകാവയവങ്ങൾ തകരാറിലാകുകയും,കാൻസർ ഉൾപ്പടെയുള്ള മാരക അസുഖങ്ങൾക്കും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
വ്യാപക പരാതി, പരിശോധന കർശനമാക്കണം
മീനിന്റെ ലഭ്യത കുറഞ്ഞതോടെ പൂഴ്ത്തിവച്ചവ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കച്ചവടം നടത്തുന്നതായി വ്യാപകമായി പരാതി ഉയരുന്നുണ്ട്.ആരോഗ്യ വകുപ്പും,ഭക്ഷ്യവകുപ്പും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കോവിഡ് 19ന്റെ ഭീഷണി നിലനിൽക്കെ ജനങ്ങൾക്ക് മറ്റ് രോഗം ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്.