അടൂർ : കൊവി‌ഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി കോളേജിന്റെ സുഗമമായ പ്രവർത്തനം തടസപ്പെട്ടിരിക്കുന്നത്‌ കണക്കിലെടുത്ത്‌ അടൂർ എസ്‌.എൻ.ഐ.റ്റിയിൽ ഗൂഗിൾ ക്ലസ്റൂം ആരംഭിച്ചു. വിദ്യാർത്ഥികൾക്ക്‌ പഠനാവസരം ഉറപ്പാക്കുകയാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ പഠനവകുപ്പും ഓരോ ബാച്ചിനും പ്രത്യേകം ഗൂഗിൾ ക്ലാസ് റൂം ആരഭിച്ച്‌ അതിലേക്ക്‌ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചാണ്‌ അദ്ധ്യാപകർ ടൈം ടേബിൾ പ്രകാരമുള്ള ക്ലാസുകൾ നടത്തുന്നത്‌‌. ഓരോ വിഷയത്തിനും ലളിതവും പ്രസക്തവുമായ വീഡിയോ അദ്ധ്യാപകർ തങ്ങളുടെ വീട്ടിലിരുന്നുതന്നെ എടുക്കുകയും അവ അതത്‌ ഗൂഗിൾ ക്ലാസ്‌ റൂമിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. അസൈൻമെന്റും ഗൂഗിൾ ക്ലാസ്‌റൂമിലൂടെ നടത്തിവരുന്നു. വിദ്യാർത്ഥികളുടെ പ്രസന്റേഷനും അവരവർ വീഡിയോ ചെയ്ത്‌ ഗൂഗിൾ ക്ലാസ്റൂമിൽ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികളുടെ സംശയ നിവാരണത്തിനായി ഡിസ്കഷൻ ഫോറവും ആരംഭിച്ചിട്ടുണ്ടെന്ന് മാനേജർ എബിൻ ആമ്പാടിയിൽ പറഞ്ഞു.