shop-raid
വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളിയിൽ നടന്ന പരിശോധന

മല്ലപ്പള്ളി: താലൂക്കിലെ പൊതുവിപണികളിലും റേഷൻ കടകളിലും സിവിൽ സപ്ലൈസ്,റവന്യൂ, ലീഗൽ മെട്രോളജി വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി. 11 റേഷൻ കടകൾ,പച്ചക്കറി പലചരക്ക് എന്നിവ ഉൾപ്പെടെ പൊതു വിപണിയിലെ 21 കച്ചവട സ്ഥാപനങ്ങൾ എന്നിവ പരിശോധിച്ചു.ആഞ്ഞിലിത്താനത്തുള്ള 64-ാം റേഷൻ കടയ്ക്ക് തൂക്കത്തിലെ ക്രമക്കേടിനും മല്ലപ്പള്ളി ടൗണിലെ പലഹാരക്കട എന്ന സ്ഥാപനത്തിന് പാക്കിംഗ് ലേബലില്ലാതെ ഭക്ഷ്യസാധനങ്ങൾ വിറ്റതിനും അളവ് തൂക്ക നിയന്ത്രണ നിയമ പ്രകാരം കേസെടുത്ത് പിഴ ഈടാക്കി.ആനിക്കാട് പഞ്ചായത്തിലെ രണ്ട് റേഷൻ കടകളിൽ സ്റ്റോക്കിൽ വ്യത്യാസം കണ്ടതിനും, നിശ്ചിത സമയത്ത് പ്രവർത്തനം ആരംഭിക്കാതിരുന്ന ഒരു കടയ്‌ക്കെതിരെ കേസെടുത്തു. പൊതുവിപണിയിലെ എല്ലാ കടകളിലും വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ട്. ഒരിടത്തും അമിത വില ഈടാക്കുന്നതായി കണ്ടെത്താനായില്ല. റേഷൻ കടകൾ ഉൾപ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും ഒരു മീറ്റർ അകലത്തിൽ വര ഇടുന്നതിനും ഒരു കാരണവശാലും ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും കർശന നിർദ്ദേശം നൽകി.തഹസീൽദാർ ടി.എ. മധുസൂദനൻ നായർ, താലൂക്ക് സപ്ലൈ ആഫീസർ ആർ.അഭിമന്യു,താലൂക്ക് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ യു.അല്ലി,ഡെപ്യൂട്ടി തഹസീൽദാർമാരായ സുനിൽ എം.നായർ , വർഗീസ് മാത്യു,റേഷനിംഗ് ഇൻസ്‌പെക്ടർ കെ.സുബാഷ്,സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരായ ഗൗതം എസ്കുമാർ, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.