പത്തനംതിട്ട:കുമ്പഴ വടക്കേതിൽ വീട്ടിൽ ലിനി മാത്യുവിന്റെ കുഞ്ഞിന് ജീവൻരക്ഷാ മരുന്നിന്റെ ആവശ്യം മനസിലാക്കിയ വീണാ ജോർജ് എം.എൽ.എ ഫയർഫോഴ്‌സിന്റെ സഹായത്തോടെ തിരുവനന്തപുരത്തുനിന്നും മരുന്ന് വീട്ടിലെത്തിച്ചു നൽകി. വീണാ ജോർജ് എം.എൽ.എ, ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മരുന്ന് വീട്ടിൽ എത്തിച്ചു നൽകിയത്. എന്ത് അടിയന്തര ആവശ്യത്തിനും ഫയർ ഫോഴ്‌സിന്റെ 101 എന്ന നമ്പറിൽ വിളിക്കണം എന്ന നിർദേശവും നൽകിയാണ് എം.എൽ.എയും ഫയർ ഫോഴ്‌സ് സംഘവും മടങ്ങിയത്. സീതത്തോട് മൂന്നുകൽ കാളകെട്ടിൽ ഹൗസിൽ ഹൃദ്‌രോഗിയായ കെ.കെ സുധാകരന് അമൃത ഹോസ്പിറ്റലിൽ നിന്നും വിവിധ ഫയർ സ്റ്റേഷനുകൾ വഴി പത്തനംതിട്ടയിൽ എത്തിച്ച ജീവൻരക്ഷാ മരുന്ന് അഡ്വ.കെ.യു ജെനീഷ് കുമാർ എംഎൽഎ സീതത്തോട് ഫയർ ആന്റ് റസ്‌ക്യൂ ടീമിന്റെ സാന്നിദ്ധ്യത്തിൽ കൈമാറി. ചിറ്റാർ കൊടുമുടി ട്രൈബൽ കോളനിയിൽ ബിന്ദുവിന് കാൻസർ ചികിത്സയുമായി ബന്ധപ്പെട്ടുള്ള ജീവൻ രക്ഷാമരുന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നു ബിന്ദുവിന് എത്തിച്ചു നൽകുകയും പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ സ്വദേശി ഓലിക്കൽ വീട്ടിൽ വാസുദേവൻ എന്നയാൾക്ക് തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിൽ നിന്നും മരുന്ന് എത്തിച്ചു നൽകി ജില്ലയിലെ ഫയർഫോഴ്‌സ് ടീം.