doctor
ഡോ.ശരത് തോമസ് റോയ്, ഡോ.നസ്ലിന്‍ എ സലാം, ഡോ.ടി.ആര്‍.ജയശ്രീ എന്നിവര്‍ നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമൊപ്പം

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊവിഡ് 19നെ തുരത്തിയോടിക്കാൻ നേതൃത്വം നൽകിയത് മൂന്നംഗ ഡോക്ടർ സംഘം. ഡോ.ശരത് തോമസ് റോയ്, ഡോ.ടി.ആർ.ജയശ്രീ, ഡോ.നസ്ലിൻ എ സലാം .

പോരാട്ടത്തിൽ അവർ വിജയം കൈവരിച്ചത് സ്വന്തം കുടുംബത്തെപ്പോലും മറന്ന്. ആരോഗ്യ

വകുപ്പ് മന്ത്രി കെ. കെ.ഷൈലജ, ഡി.എം.ഒ:ഡോ. എ.എൽ ഷീജ, ആശുപത്രി സൂപ്രണ്ട് ഡോ.സാജൻ മാത്യു, ആർ.എം.ഒ: ഡോ.ആഷിഷ് മോഹൻകുമാർ എന്നിവരുടെ പിന്തുണ ധൈര്യം പകർന്നതായി ഡോക്ടർമാർ പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇറ്റലി കുടുംബത്തിനും ബന്ധുക്കൾക്കും ആദ്യം അവരുടെ രോഗം സംബന്ധിച്ച വ്യക്തതയില്ലായിരുന്നു. പരിശോധനാഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ കുടുംബം ഒരാഴ്ചയോളം നിരാശയിലായി. മാനസികമായി തകർന്നതിനാൽ സംസാരിക്കുന്നതിനുപോലും അവർക്കു താല്പര്യമില്ലാതായി. മരിക്കുമെന്നുള്ള ഭയം. പിന്നീട് ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരും കൗൺസലിംഗിലൂടെ ഇവരുടെ മാനസികാരോഗ്യനില ഉയർത്തി. അപ്രതീക്ഷിതമായ സാഹചര്യമായതിനാൽ സാമ്പത്തിക പ്രശ്‌നങ്ങൾ നേരെയാകാൻ ഒരാഴ്ച വേണ്ടിവന്നു. ഇതിനിടയിൽ ആവശ്യമായ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഡോക്ടർമാർ സ്വന്തം ചെലവിൽ നിർവഹിച്ചു. ആശുപത്രിയിൽ അടുക്കള പ്രത്യേകമായി ആരംഭിച്ചു. ശാസ്ത്രീയമായ രീതിയിൽ കൊവിഡ് രോഗികൾക്കു ഭക്ഷണം നൽകി. ചികിത്സിക്കുന്നവർ സ്വന്തം വീടുകളിൽനിന്നുപോലും പഴവർഗങ്ങൾ ലഭ്യമാക്കി. 48 മണിക്കൂറുകൾ ഇടവിട്ട് ഇവരുടെ സാമ്പിൾ പരിശോധിച്ചുകൊണ്ടിരുന്നു.

പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്യുപ്‌മെന്റ് (പി.പി.ഇ കിറ്റ്) ഡ്രസ് ധരിക്കുന്നതാണ് ഡോക്ടർമാരെ എറ്റവും ബുദ്ധിമുട്ടിച്ചിരുന്നത്. അഴിച്ചുമാറ്റുന്നതും സൂക്ഷമതയോടെ ആകണം.

ഓരോ സാമ്പിൾ പരിശോധനയിലും വൈറസിന്റെ അളവ് കുറഞ്ഞുകൊണ്ടിരുന്നു. എന്നാൽ പൂർണമായി കുറയാത്തതിനാൽ രോഗികൾ മാനസികമായി തകർന്നു. പത്രങ്ങളിലൂടെ മരണവാർത്തകൾ, നാട്ടിലെ പ്രശ്‌നം, സഞ്ചരിച്ചതിന്റെ റൂട്ട് മാപ്പ്, ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ എന്നിവയൊക്കെ അറിഞ്ഞപ്പോൾ നിരാശരായി. ഡോ.ബോധിയുടെ സഹായത്താൽ കൗൺസലിംഗിലൂടെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചു. ജീവനക്കാർ സ്‌നേഹവും സാന്ത്വനവും നൽകി പരിചരിച്ചു. ആദ്യഘട്ടത്തിൽ ദേഷ്യഭാവം പുലർത്തിയിരുന്ന ഇവർ പിന്നീട് ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഇടപെടാൻ തുടങ്ങി.

ഇവരെ ചികിൽസിക്കുന്ന ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സാമ്പിളുകളും പരിശോധിച്ചുകൊണ്ടിരുന്നു. പരിശോധനാഫലം പുറത്തുവരുന്നതുവരെ ആരോഗ്യപ്രവർത്തകരും ഭയന്നു ജീവിക്കുന്ന അവസ്ഥ. ഡോക്ടർമാർക്കും നഴ്‌സുമാർക്കും സ്വന്തം വീടുകളിലും നാട്ടിലും എത്തുന്നതിനും ബുദ്ധമുട്ടായി. വീടുകളിൽ പ്രായമായ മാതാപിതാക്കളും കൊച്ചുകുഞ്ഞുങ്ങളും എല്ലാമുണ്ട്. അതിനാൽ വീടുകളിൽ എത്താൻ ഭയം. ആരോഗ്യപ്രവർത്തകർ തിരിച്ചെത്തുമ്പോൾ നാട്ടുകാർക്ക് ഭയം.

രോഗം പൂർണമായി ഭേദമായി എന്നറിഞ്ഞപ്പോൾ രോഗികളെക്കാൾ സന്തോഷിച്ചത് ഡോക്ടർമാരും നഴ്‌സുമാരുമാണ്. ഒൻപതാമത്തെ തവണയിലെ സാമ്പിൾ പരിശോധാഫലമാണ് നെഗറ്റീവായി മാറിയത്.

രോഗവിമുക്തരായി പുറത്തിറങ്ങിവന്ന ഇറ്റലി കുടുംബത്തിലെ മുതിർന്നവർ കെട്ടിപ്പിടിച്ചു കരഞ്ഞത് ഡോ.ശരത് തോമസ് റോയിയുടെ മനസിൽ നിന്ന് മാറിയിട്ടില്ല.

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ്, നഴ്‌സുമാരായ അനുഗീത്, ജയകൃഷ്ണൻ, ആര്യ, എന്നിവരും ആരോഗ്യപ്രവർത്തകരും എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു.

---------------

ഓരോ സാമ്പിൾ പരിശോധനയിലും വൈറസിന്റെ അളവ് കുറഞ്ഞുകൊണ്ടിരുന്നു. എന്നാൽ പൂർണമായി കുറയാത്തതിനാൽ രോഗികൾ മാനസികമായി തകർന്നു. പത്രങ്ങളിലൂടെ മരണവാർത്തകൾ, നാട്ടിലെ പ്രശ്‌നം, സഞ്ചരിച്ചതിന്റെ റൂട്ട് മാപ്പ്, ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ എന്നിവയൊക്കെ അറിഞ്ഞപ്പോൾ നിരാശരായി. ഡോ.ബോധിയുടെ സഹായത്താൽ കൗൺസലിംഗിലൂടെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചു.