പത്തനംതിട്ട : കൊവിഡ് 16 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ വനത്തിൽ ജനിച്ച ആൺകുഞ്ഞിനെയും അമ്മയേയും കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു. ആങ്ങമൂഴി കൊച്ചാണ്ടി ചെക്ക് പോസ്റ്റിനു സമീപം വനത്തിൽ തമ്പടിച്ചിരിന്ന വിജയന്റെ ഭാര്യ സുമിത്ര വ്യാഴാഴ്ചയാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്കിയത്. ആരോഗ്യ പ്രവർത്തകർ സുമിത്രയ്ക്ക് ആരോഗ്യക്കുറവ് കണ്ടതിനെ തടർന്ന് അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ശനിയാഴ്ച വൈകിട്ടാണ് സുമിത്രയേയും കുഞ്ഞിനേയും തിരിച്ചെത്തിച്ചത്. ആശുപത്രിയിൽ നിന്നു തിരികെ എത്തിക്കുമ്പോൾ സുമിത്രയ്ക്കും കുട്ടിയ്ക്കും താമസിക്കാൻ വനം വകുപ്പ് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് എം.എൽ.എ റാന്നി ഡി.എഫ്.ഒ യോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വനം വകുപ്പ് കൊച്ചാണ്ടി ചെക്ക് പോസ്റ്റിന്റെ പഴയ കെട്ടിടം അനുവദിച്ചു. അമ്മയും കുഞ്ഞും ഇപ്പോൾ ഈ കെട്ടിടത്തിലാണ് താമസം. ഇവിടെയെത്തിയ എം.എൽ.എ ആവശ്യമായ ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും നല്കി. കക്കാട് ഡവലപ്പ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ.ക്രിസ്റ്റി തേവള്ളിൽ,ആരോഗ്യ പ്രവർത്തകരായ ബിന്ദു, പ്രസീന സതീഷ്, അങ്കണവാടി വർക്കർ എൻ.ആർ.സുമ, ജോബി.ടി. ഈശോ തുടങ്ങിയവരും ഉണ്ടായിരുന്നു.