കടമ്പനാട് : മണ്ണടിയിൽ താഴത്ത് ചന്തയിൽ വില്കാൻ എത്തിച്ച പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. വിഴിഞ്ഞത്തുനിന്നും ഏനാത്ത്,മണ്ണടി, കടമ്പനാട്,കല്ലുകുഴി, മാഞ്ഞാലി,തുവയൂർ,ഐവർകാല,നെല്ലിമുകൾ, പുത്തൂർ, ഏഴാംമൈൽ, പൂവറ്റൂർ, പുത്തനമ്പലം, കുന്നത്തൂർ പ്രദേശങ്ങളിൽ ചില്ലറ വിൽപ്പനയ്ക്ക് എത്തിച്ച 1375 കിലോ കേരചൂരയാണ് ജില്ലാ പൊലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ഷാഡോ പൊലീസ് മണ്ണടി താഴത്ത് ജംഗ്ഷനിൽ പിടികൂടി ഫുഡ് സേഫ്റ്റി അധികൃതർക്ക് കൈമാറിയത്. മീനുകളിൽ വ്യാപക രീതിയിൽ ഫോർമാലിൻ ഉൾപ്പെടെയുള്ള മാരകമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് കണ്ടെത്തിയതോടെയാണ് പരിശോധന കർശനമാക്കിയത്. പഞ്ചായത്തിലെ മത്സ്യ മാർക്കറ്റുകളിൽ വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ പഞ്ചായത്തിൽ മത്സ്യ കച്ചവടം ചെയ്യാൻ അനുവധിക്കില്ലന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ആർ.അജീഷ് കുമാർ പറഞ്ഞു.സംഭവത്തിൽ ഭക്ഷ്യസുരക്ഷാവിഭാഗം ഐവർകാല പാകിസ്ഥാൻമുക്ക് ഷൈൻ മൻസിൽ ബദറുദ്ദീൻ,പള്ളിവടക്കേതിൽ ഷാജിന എന്നിവരുടെ പേരിൽ കേസ് എടുത്തു. മത്സ്യം കൊണ്ടുവന്ന രണ്ട് വാഹനങ്ങൾ പഞ്ചായത്ത് പിടിച്ചെടുത്തു ഏനാത്ത് പൊലീസിന് കൈമാറി. പിടിച്ചെടുത്ത മത്സ്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മറവു ചെയ്തു.