പത്തനംതിട്ട: കൊവിഡ് 19 നിയന്ത്രണത്തെ തുടർന്ന് ജീവൻ രക്ഷാമരുന്നുകൾ ലഭിക്കാതെ കഷ്ടത അനുവഭവിക്കുന്നവർക്ക് സഹായവുമായി അഗ്‌നിരക്ഷാസേന. ജില്ലാ ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പത്തനംതിട്ട, തിരുവല്ല, അടൂർ, റാന്നി, കോന്നി, അടൂർ എന്നിവിടങ്ങളിലെ ആറ് ഫയർ ആന്റ് റസ്‌ക്യൂ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ജീവൻ രക്ഷാമരുന്നുകൾ അവശ്യക്കാരുടെ വീടുകളിൽ നേരിട്ട് എത്തിക്കുന്നത്.
മരുന്നുകൾ ലഭിക്കാതെ വിഷമിക്കുന്നവർക്കും അടിയന്തര സാഹചര്യത്തിൽ വാഹനം ആവശ്യമായിവരുന്ന നിർദ്ധനരും ആലംബഹീനരുമായവർക്കും 101 ൽ വിളിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫയർഫോഴ്‌സിന്റെ സഹായം ആവശ്യപ്പെടാമെന്ന് സ്റ്റേഷൻ ഓഫീസർ വിനോദ്കുമാർ പറഞ്ഞു.
മരുന്നുകൾ ആവശ്യമുള്ളവർ പേര്, മേൽവിലാസം, ഫോൺ നമ്പർ, മരുന്നിന്റെ കുറിപ്പടി/ പ്രിസ്‌കൃപ്ഷൻ അടക്കം വാട്‌സ്ആപ്പ് ആയോ, മെയിൽ ആയോ ഫയർഫോഴ്‌സിന്റെ സ്റ്റേറ്റ് കൺട്രോൾ ടീമിലേക്ക് അയക്കണം. കൺട്രോൾ ടീമിലെ പത്തുപേരടങ്ങിയ ടീം ആർ.സി.സി മുതലായ രോഗികളുമായി ബന്ധപ്പെട്ട ഡോക്ടർമാരെ നേരിൽകണ്ടു മരുന്ന് വാങ്ങി ജില്ലാ ഫയർഫോഴ്‌സ് ഓഫീസിലും ഇവിടെ നിന്ന് മറ്റുള്ള സ്റ്റേഷനുകളിലും എത്തിച്ച് വിതരണം ചെയ്യും. ബിൽതുക മാത്രമാണ് ഈടാക്കുക. എന്നാൽ നിർദ്ധനരും ആലംബഹീനരുമായ ആളുകളിൽ നിന്ന് പണം ഈടാക്കാറില്ല. ഇതിനുള്ള ചെലവ് സ്വന്തംനിലയ്ക്കും സേനയുടെ സിവിൽ ഡിഫൻസ് വോളന്റിയേഴ്‌സിൽ നിന്നുമാണു കണ്ടെത്തുന്നത്.
ഇതുവരെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 48 കുടുംബങ്ങൾക്ക് മരുന്നെത്തിക്കാൻ ഇവർക്ക് കഴിഞ്ഞു. ഇതിൽ 23 ഇടങ്ങളിലേയും മരുന്നുകൾ ജില്ലയ്ക്ക് പുറത്തുനിന്നും എത്തിച്ചവയാണ്.
ജില്ലയിലെ ബസ് സ്റ്റാൻഡുകൾ, ചന്തകൾ, എ.ടി.എം കൗണ്ടറുകൾ തുടങ്ങി 473 ഇടങ്ങളിലും 29 ആശുപത്രികളിലും കൊവിഡ് സ്ഥിരീകരിച്ച ആളുകൾ ഉണ്ടായിരുന്ന അഞ്ച് ഇടങ്ങളിലും അഗ്‌നി രക്ഷാസേന അണുനശീകരണം നടത്തി.