jackfruit
ലോക്ഡൗൺ തീൻമേശകളലെ താരമായി ചക്ക

തണ്ണിത്തോട്: ലോക് ഡൗൺ കാലത്ത് തീൻമേശകളിലെ താരമാവുകയാണ് ചക്ക. മിക്ക വീടുകളിലും ഇപ്പോൾ നാടൻ വിഭവങ്ങളായ ചേന, കാച്ചിൽ, കപ്പ എന്നിവയ്‌ക്കൊപ്പം ചക്ക വിഭവങ്ങളുമുണ്ട്. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കയറ്റുമതിയും അതിർത്തിയിലെ ചരക്ക് നീക്കവും നിലച്ചതോടെ അയൽ സംസ്ഥാനങ്ങളിലെ കച്ചവടക്കാർക്ക് കേരളത്തിൽ നിന്ന് ചക്ക സംഭരിക്കാൻ കഴിയുന്നില്ല. വർഷം തോറും ലോഡ് കണക്കിന് ചക്കയാണ് മലയോര മേഖലയിൽ നിന്ന് സംഭരിച്ചിരുന്നത്. പഴുത്തതിനെക്കാളും, മൂപ്പെത്തിയതിനെക്കാളും ഇടിച്ചക്കയ്ക്കായിരുന്നു കച്ചവടക്കാർക്ക് പ്രിയം. . ഇത്തവണ സീസൺ ആരംഭിക്കാനും വൈകി. കീടനാശിനി തളിക്കാത്ത ഫലമെന്ന പ്രത്യേകതയും ചക്കയ്ക്കുണ്ട്. രക്ത സമർദ്ദം കുറയ്ക്കാനും കോശങ്ങളുടെ നാശത്തെ തടയാനും ചക്കയിലെ ഫൈറ്റോ ന്യൂട്രിയൻസിന്റെ സാന്നിദ്ധ്യം സഹായിക്കും. ചക്കപ്പുഴുക്ക്, ചക്കപ്പഴം, ചക്കവറുത്തത്, ഇടിച്ചക്ക തോരൻ, ചക്കക്കൂഞ്ഞ് തോരൻ, ചക്കവരട്ടി, ചക്കക്കുരു തോരൻ, ചക്കക്കുരു മെഴുക്ക് പുരട്ടി, ചെമ്മീൻചക്കക്കുരു തോരൻ എന്നിവയെല്ലാം വീട്ടിലുണ്ടാക്കാവുന്ന വിഭവങ്ങളാണ്.

നാടൻ പ്ലാവിനങ്ങൾക്കു പുറമെ മലേഷ്യൻ ജെ 33, ജാക്ക് ഡ്വാൻ, റോസ് വരിക്ക, സിന്ദൂരംചുവപ്പ്, സിന്ദൂരം പിങ്ക്, ഓൾസീസൺ, ഗംലെസ്, സീഡ്‌ലെസ്, തേൻവരിക്ക, തയ്‌ലെന്റ് പ്ലാവ്, രുദിയാൻ എന്നീ ഇനങ്ങളും മിക്കയിടത്തുമുണ്ട്. ചക്കഹൽവ, ചക്കചമ്മന്തിപ്പൊടി, ചക്ക അച്ചപ്പം, ചക്ക പപ്പടം, ചക്ക കൊണ്ടാട്ടം, ചക്കമടൽ അച്ചാർ, ചക്കവൈൻ തുടങ്ങിയവ വിപണിയിൽ ലഭിക്കും. കാൽസ്യം, മഗ്നീഷ്യം, കോപ്പർ, അയൺ, വിറ്റാമിൻ ബി 1, വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 3, ഫൈബർ എന്നിവയാൽ സമൃദ്ധമായ ചക്കയുടെ ശാസ്ത്രനാമം ആർട്ടോകാർപ്പസ് ഹെറ്ററോഫില്ലീസ് എന്നാണ് .