പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ ഏകോപിപ്പിച്ച് നടപ്പാക്കുന്ന തദ്ദേശ സ്ഥാപന ജീവനക്കാർ അധിക ജോലിഭാരത്താൽ വീർപ്പുമുട്ടുന്നു. ഇവരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിട്ടില്ല. കൊവിഡ് നിരീക്ഷണത്തിലുളളവരുടെ വീടുകളിലെത്തി വിവരങ്ങൾ ചോദിച്ചറിയുകയും ആവശ്യങ്ങൾ പരിഹരിച്ചു കൊടുക്കുകയും ചെയ്യുന്നവരായിട്ടും തങ്ങളെ ആരോഗ്യ പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പഞ്ചായത്ത് ജീവനക്കാരുടെ പരാതി. ആവശ്യങ്ങളുന്നയിച്ച് പഞ്ചായത്ത് ജീവനക്കാരുടെ സംഘടനകൾ കേന്ദ്രസർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്.
കൊവിഡ് നിരീക്ഷണത്തിലുളളവരുടെ അടിസ്ഥാന ആവശ്യങ്ങൾ നടപ്പാക്കുക, ഭക്ഷണം എത്തിക്കുക, സമൂഹ അടുക്കളയുടെ പ്രവർത്തനം, സന്നദ്ധ സംഘടനകളുടെ ഏകോപനം, അന്യസംസ്ഥാന തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളാണ് പഞ്ചായത്ത് ജീവനക്കാർക്കുളളത്. പഞ്ചായത്ത് സെക്രട്ടറിമാരാണ് വാർഡ് തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന നോഡൽ ഒാഫീസർമാർ.
കൊവിഡ് പ്രതിരോധത്തിന് 24മണിക്കൂറും പ്രവർത്തിക്കുന്നവരാണ് പഞ്ചായത്ത് ജീവനക്കാർ. കൊവിഡുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകൾക്കാവശ്യമായ രേഖകളും റിപ്പോർട്ടുകളും നൽകേണ്ടത് പഞ്ചായത്ത് ജീവനക്കാരാണ്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ജില്ലാ കളക്ടർക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും റിപ്പോർട്ടുകൾ നൽകേണ്ടതുണ്ട്. പൊതു ഗതാഗത സംവിധാനം ഇല്ലാത്തതിനാൽ സ്വന്തം വാഹനത്തിലാണ് ജീവനക്കാർ യാത്രകൾ ചെയ്യുന്നത്. മറ്റു ജില്ലകളിൽ നിന്ന് പത്തനംതിട്ടയിൽ എത്തി ജോലി ചെയ്യുന്ന വനിതാ ജീവനക്കാർ ദുരിതമനുഭവിക്കുന്നു.
പഞ്ചായത്തുകളുടെ ഒൗദ്യോഗിക വാഹനങ്ങൾ ആരോഗ്യവകുപ്പിനും കളക്ടർക്കും വിട്ടു നൽകിയിരിക്കുകയാണ്. ചില പഞ്ചായത്തുകൾക്ക് തനതു ഫണ്ടില്ലാത്തതിനാൽ സമൂഹ അടുക്കളയിലേക്ക് സ്പോൺസർമാരെ കണ്ടെത്തേണ്ട ചുമതലയുമുണ്ട്. അവധിയിൽ പോയ ജീവനക്കാർ തിരിച്ചെത്തിയാണ് കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്നത്.
ഇതിനിടെയിൽ ബഡ്ജറ്റ് തയ്യാറക്കുന്നതുൾക്കപ്പെടെയുളള പഞ്ചായത്തിന്റെതായ ജോലികൾ, വാർഷിക പദ്ധതികൾക്ക് അംഗീകാരം നേടൽ തുടങ്ങിയവ സമയബന്ധിതമായി പൂർത്തിയാക്കണം.
അധിക ജോലി ഭാരവും സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് പഞ്ചായത്ത് ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്ന് പഞ്ചായത്ത് എംപ്ളോയീസ് ഒാർഗനൈസേൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. ആരോഗ്യ ഇൻഷുറൻസിൽ പഞ്ചായത്ത് ജീവനക്കാരെയും ഉൾപ്പെടുത്തണമെന്നാണ് മറ്റൊരാവശ്യം.