ചെങ്ങന്നൂർ: നിസാമുദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത മുളക്കുഴ സ്വദേശിക്ക് കോവിഡ് 19 രോഗബാധ ഉണ്ടെന്ന് സംശയമുണ്ടായിരുന്നിട്ടും ഇതുമറച്ചുവച്ച് കറങ്ങിനടക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. നാട്ടുകാർ പലതവണ അധികൃതരെ ഇൗ കാര്യം അറിയിച്ചിരുന്നുമാണ്. എന്നാൽ കാര്യമായ ഇടപെടൽ ഉണ്ടായില്ല. വിവരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും ചെങ്ങന്നൂർ പൊലീസിനേയും അറിയിച്ച ആരോഗ്യ വകുപ്പിലെ ജൂനിയർ ഉദ്യോഗസ്ഥനെ ഉന്നത ഉദ്യോഗസ്ഥർ ശകാരിച്ചതായും താക്കീത് നൽകിയതായും വിവരമുണ്ട്. രാഷ്ട്രീയ നേതാക്കളുമായി കോവിഡ് ബാധിതനുള്ള സൗഹൃദമാണ് ഇതിന് കാരണമായത്.
ഫെബ്രുവരി 10നാണ് മുളക്കുഴ സ്വദേശി തബ് ലീഗ് മ്മേളനത്തിന് നിസാമുദ്ദീനിലേക്ക് കായംകുളത്ത് നിന്ന് കേരളാ എക്സ് പ്രസിൽ യാത്ര പുറപ്പെട്ടത്. മാർച്ച് 23ന് രാത്രി 12.30 ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ എത്തി.തുടർന്ന് ബന്ധുക്കൾക്കൊപ്പം കാറിൽ കോട്ടയത്തെ ബന്ധുവീട്ടിൽ എത്തി. വൈകിട്ട് 4ന് കോട്ടയത്തു നിന്ന് ഭാര്യക്കും ബന്ധുക്കൾക്കുമൊപ്പം മുളക്കുഴയിലെ സ്വന്തം വീട്ടിലെത്തി. 5.45 ഓടു കൂടി മുളക്കുഴയിലെ ജുമാ മസ്ജിത്തിൽ എത്തി. ഇയാൾ ഇത്രയും നാൾ ഹോംക്വാറന്റീനിൽ ആയിരുന്നു എന്നാണ് പറയുന്നത്.
അതേസമയം കഴിഞ്ഞ 23 ന് മുളക്കുഴയിൽ എത്തിയ ഇയാൾ ആരാധനാലയത്തിലും കടകളിലും മറ്റും പോയതായും സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അടുത്ത് ഇടപെഴകിയതായും പ്രദേശവാസികൾ പറയുന്നു. ഈ വിവരമാണ് നാട്ടുകാർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി പങ്കുവച്ചത്.
ഇതിനിടയിൽ നാട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസും മുളക്കുഴയിലെ പ്രാഥമിക ആരോഗ്യ മേഖലാ പ്രവർത്തകരും വീട്ടിലെത്തി ഇയാളെ സന്ദർശിച്ചിരുന്നു. ഏപ്രിൽ 2ന് കാറിൽ വീട്ടിൽ നിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി സ്രവം പരിശോധന നടത്തുകയായിരുന്നു.