പത്തനംതിട്ട: ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്നെത്തിയ വിദ്യാർത്ഥിനിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദ്യാർത്ഥിനി ഇപ്പോൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷനിലാണ്. ഇന്നലെ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളെ ആരെയും കണ്ടെത്തിയിട്ടില്ല. ജനറൽ ആശുപത്രി പത്തനംതിട്ടയിൽ 10 പേരും, ജില്ലാആശുപത്രി കോഴഞ്ചേരിയിൽ നാലു പേരും, നിലവിൽ ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ ആരും ഐസൊലേഷനിൽ ഇല്ല. ആകെ 14 പേര്‍ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ട്. ഇന്നലെ പുതിയതായി അഞ്ചു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. 10 പേരെ ഡിസ്ചാർജ് ചെയ്തു. ഇതുവരെ 118 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഡൽഹി നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട ജില്ലക്കാരായ 20 പേർ നിലവിൽ ജില്ലയിൽ ഹോം ഐസൊലേഷനിൽ ആണ്. വീടുകളിൽ 91 പ്രൈമറി കോൺടാക്ടുകളും 254 സെക്കൻഡറി കോൺടാക്ടുകളും നിരീക്ഷണത്തിൽ ആണ്. നിലവിൽ വിദേശത്തു നിന്നും തിരിച്ചെത്തിയ 2790 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 283 പേരെയും നിരീക്ഷണകാലം പൂർത്തിയായതിനാൽ ക്വാറന്റൈനിൽ നിന്ന് വിടുതൽ ചെയ്തു. ആകെ 7738 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 105 സാമ്പിളുകൾ ഉൾപ്പെടെ ആകെ 1102 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 90 സാമ്പിളുകളുടെ ഫലം നെഗറ്റീവായി. ഇതുവരെ അയച്ച സാമ്പിളുകളിൽ 14 എണ്ണം പൊസിറ്റീവായും 806 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 200 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.