നാരങ്ങാനം: ചേനം ചിറ, ചെമ്മണ്ണും കന്നേൽ ഭാഗങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി പുതിയ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി.നാരങ്ങാനം പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന പ്രദേശമാണ് ഇത്.വീണാ ജോർജ് എം.എൽ.എ അനുവദിച്ചു നൽകിയ ഇരുപത് ലക്ഷം രൂപ മുടക്കിയാണ് പദ്ധതി പൂർത്തിയാക്കിയത്.കിണറും പമ്പ് ഹൗസു നിർമ്മിച്ചു കഴിഞ്ഞിരുന്നെങ്കിലും കിണറ്റിൽ ആവശ്യത്തിന് വെള്ളം ലഭിക്കാതെ വന്നത് പ്രദേശവാസികളിൽ നിരാശ സൃഷ്ടിച്ചിരുന്നു. തൊട്ടടുത്ത് പാടത്തിന് സമീപം സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ ഭൂമിയിൽ നാട്ടുകാർ തന്നെ അവരുടെ ചെലവിൽ പുതിയ കിണർ കുഴിച്ചു നൽകി.ഇതിൽ ആവശ്യത്തിന് വെള്ളം ലഭിച്ചതോടെ ഈ കിണറ്റിൽ നിന്നും പമ്പ് ചെയ്താണ് വെള്ളമെത്തിച്ചു തുടങ്ങിയത്.ഇപ്പോൾ പൊതു ടാപ്പുകൾ വഴിയാണ് ജലവിതരണം നടത്തുന്നത്.അറുപതോളം ഭവനങ്ങൾക്കു് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.വീടുകൾക്ക് കണക്ഷൻ കൊടുക്കുന്ന മുറയ്ക്ക് പൊതു ടാപ്പുകൾ നിറുത്തലാക്കുമെന്ന് വാർഡ് മെമ്പർ ജിനി ജോസ് പറഞ്ഞു.പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം പിന്നീട് നടത്തും.