പത്തനംതിട്ട: ഡൽഹിയിൽ നിന്ന് സ്വദേശമായ പന്തളത്ത് എത്തിയ 19 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി.
വിദ്യാർത്ഥിനി യാത്ര ചെയ്ത ട്രെയിനിൽ നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കടുത്തവർ കയറിയതായി സൂചനയുണ്ട്. പെൺകുട്ടി കൂട്ടുകാരികൾക്കൊപ്പമാണ് യാത്ര ചെയ്തത്.
മാർച്ച് 17ന് നാട്ടിലെത്തിയ പെൺകുട്ടി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഏപ്രിൽ 4ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെയാണ് സാമ്പിൾ പരിശോധനാ ഫലം പോസിറ്റീവെന്ന് അറിഞ്ഞത്.
റൂട്ട് മാപ്പ്
മാർച്ച് 15: ന്യൂഡൽഹി നിസാമുദ്ദീനിൽ നിന്ന് രാവിലെ 9.15ന് 12618 നമ്പർ മംഗള എക്സ് പ്രസിൽ എസ് 9 കോച്ചിൽ സീറ്റ് നമ്പർ 55-ൽ യാത്ര ചെയ്തു.
മാർച്ച് 17: രാവിലെ 10.15ന് എറണാകുളം സൗത്തിൽ ഇറങ്ങി. 11ന് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ ഓട്ടോയിലെത്തി. ഹോട്ടൽ റോയൽ പാലസിൽ കയറി. അര മണിക്കൂർ അവിടെ ചെലവഴിച്ച് നോർത്ത് റെയിൽവേ സ്‌റ്റേഷനിലെ എസ്.ബി.ഐ എ.ടി.എമ്മിൽ കയറി.
ഉച്ചകഴിഞ്ഞ് 2.45ന് ശബരി എക്പ്രസ് ജനറൽ കംപാർട്ട്‌മെന്റിൽ 4.45ന് ചെങ്ങന്നൂരിൽ എത്തി. ചെങ്ങന്നൂർ - പന്തളം കെ.എസ്.ആർ.ടി.സി വേണാട് ബസിൽ വൈകിട്ട് അഞ്ചിന് വീട്ടിലേക്ക് പുറപ്പെട്ടു.
#വിവരം അറിയിക്കണം
ഈ സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ 9188297118, 9188294118 എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു.