പത്തനംതിട്ട: ലോക്ക് ഡൗൺ ലംഘനത്തിന് ശനിയാഴ്ച വൈകിട്ടു മുതൽ ഞായറാഴ്ച വൈകിട്ടു നാലുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 436 കേസുകൾ. 440 പേരെ അറസ്റ്റ് ചെയ്യുകയും 346 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. വളരെ അത്യാവശ്യം അല്ലാത്ത കാര്യങ്ങൾക്കും ആളുകൾ പുറത്തിറങ്ങി യാത്രചെയ്യുന്നത് തുടരുന്നതുകൊണ്ടും മറ്റുമാണ് കേസുകൾക്ക് കുറവുണ്ടാകാത്തതെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു.
പണം വച്ച് ചീട്ട് കളിച്ചതിന് രജിസ്റ്റർ ചെയ്ത ഒരു കേസും നിർദേശങ്ങൾ ലംഘിച്ച് റോഡിലിറങ്ങി നടന്നവർക്കെതിരെ എടുത്ത 52 കേസുകളും ഇതിൽ ഉൾപ്പെടും. പണം വച്ച് ചീട്ട് കളിച്ചതിന് കോന്നി പുളിഞ്ചാണിയിൽ നിന്നും മൂന്നു പേരെ പിടികൂടി. കോന്നി മാരൂർ പാലം ഗോപി സദനത്തിൽ കൃഷ്ണകുമാർ (38), അരുവാപ്പുലം വത്സല ഭവനത്തിൽ സന്തോഷ് കുമാർ, (40), അരുവാപ്പുലം പാറയ്ക്കൽ പുത്തൻവീട്ടിൽ പ്രസന്നൻ (56)
എന്നിവരെയാണ് കോന്നി എസ്.ഐ കുരുവിള സക്കറിയയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പകർച്ചവ്യാധി തടയൽ വകുപ്പുകൾ കൂടി ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് സംഘത്തിൽ സി.പി.ഒമാരായ ജിപ്സൺ, ഷാജഹാൻ എന്നിവരുണ്ടായിരുന്നു.
ലോക്ക് ഡൗൺ നിരോധനാജ്ഞാ ലംഘനങ്ങൾ ഗൗരവമായി കണ്ട് ശക്തമായ നിയമ നടപടികൾ കൈക്കൊള്ളും. ലോക്ഡൗണിന്റെ ഭാഗമായി ബാങ്കുകളുടെ പ്രവർത്തന സമയം നാലു വരെ ആയിരുന്നത് രണ്ടു വരെ ആക്കി ചുരുക്കിയ സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ പൊലീസ് സേവനം ഉറപ്പുവരുത്തും.
കൊവിഡ്19 സംബന്ധമായ വ്യാജവാർത്തകൾ നിർമിക്കുകയും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് കർശനമായി തടയും. രണ്ടോ അതിലധികമോ തവണ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ചിത്രം മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുമെന്നും ഡിജിപിയുടെ നിർദേശം നടപ്പാക്കുമെന്നും ഇത്തരക്കാർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കോവിഡുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുന്ന വ്യാജവാർത്തകൾ ശ്രദ്ധയിൽപ്പെടുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നവരെ നിരന്തരം നിരീക്ഷിക്കുന്നതിന് ജില്ലാ സൈബർ സെല്ലിന് നിർദേശം നൽകി.
ശക്തമായ നിയമനടപടി സ്വീകരിക്കും.
കെ.ജി.സൈമൺ,
ജില്ലാ പൊലീസ് മേധാവി
കോടയും ശർക്കരയും പിടികൂടി
സീതത്തോട് : കോട്ടക്കുഴി ആനചന്തയിൽ ഓലിക്കൽ ഷാജിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്ന് രണ്ടു കന്നാസ് കോടയും 25 കിലോഗ്രാം ശർക്കരയും ചിറ്റാർ പൊലീസ് പിടികൂടി. ചാരായം വാറ്റാനായി 35 ലിറ്റർ കൊള്ളുന്ന രണ്ട് കന്നാസിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു കോട. ശർക്കര പ്ലാസ്റ്റിക് ചാക്കിലും സൂക്ഷിച്ചിരുന്നു. പ്രതി ഷാജി ഒളിവിലാണ്. ഇന്നലെ വൈകിട്ട് ചിറ്റാർ പൊലീസ് ഇൻസ്‌പെക്ടർ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോടയും ശർക്കരയും പിടിച്ചെടുത്തത്. ചിറ്റാർ എസ്.ഐ സണ്ണി, സി.പി.ഒമാരായ സച്ചിൻ, രതീഷ്, പ്രശോഭ്, രഞ്ജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.