local
കടമ്പനാട് മണ്ണടിയിൽ പെട്ടികളിൽ നിറച്ച മീൻ വാഹനത്തിൽ നിന്ന് പിടിച്ചെടുത്തപ്പോൾ


പത്തനംതിട്ട: കൊവിഡ് പ്രതിരോധകാലത്ത് മത്സ്യ ബന്ധനത്തിന് ചില നിയന്ത്രണങ്ങളുണ്ട്. എന്നാലും നാട്ടിൻപുറങ്ങളിൽ മീൻ സുലഭം. സ്ഥിരം കടകൾക്കൊപ്പം മീൻ വിൽക്കുന്ന താത്കാലിക തട്ടുകടകളും സജീവമാണ്. . മീൻ പിടിക്കാൻ നിയന്ത്രണമുളളപ്പോൾ എങ്ങനെ ഇത്രയും മീൻ വിപണിയിലെത്തി എന്ന അധികൃതരുടെ അന്വേഷണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നടത്തിയ റെയ്ഡുകളിൽ കലാശിച്ചത്. ടൺ കണക്കിന് പഴകിയ മീനുകൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും വിൽപ്പനക്കാർക്കെതിരെ കേസെടുക്കുകയും ചെയ്തു. വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ലയിൽ പല ഭാഗത്തേക്കും മീൻ എത്തിക്കുന്ന കേന്ദ്രം കടമ്പനാടിന് അടുത്തുള്ള പാക്കിസ്ഥാൻ മുക്ക് ഏനാത്ത്, എന്നിവിടങ്ങളിലാണ്. നീണ്ടകരയിൽ നിന്ന് വലിയ വാഹനങ്ങളിൽ കൊണ്ടുവരുന്ന മീനുകൾ നൂറ് കണക്കിന് പെട്ടികളിലാക്കിയാണ് ഇവി‌ടെ സൂക്ഷിക്കുന്നത്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇൗ ഭാഗത്ത് നടത്തിയ റെയ്ഡിൽ 1375 കിലോ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. പഴകിയ കേരച്ചൂരയാണ് വ്യാപകമായി വിൽക്കുന്നത്. കിലോയ്ക്ക് 300 മുതൽ 400 രൂപ വരെയാണ് വിലയീടാക്കുന്നത്. ജില്ലയിൽ നടത്തിയ പരിശോധനകളിൽ രണ്ട് പേർക്കെതിരെ കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. ജില്ലാ മെഡിക്കൽ ഒാഫീസർക്കും പൊലീസ് മേധാവിക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് എ.ആർ. അജീഷ് കുമാർ, സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഒാഫീസർ ഡോ.ട്രീസ ലിൻ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുഴുവേലിൽ, ഫുഡ് ഇൻസ്പെക്ടർ ബാഹുലേയൻ, എനാത്ത് എസ്.െഎ ബിനുകുമാർ , പൊലീസ് ചീഫിന്റെ ഷാഡോ ടീം അംഗം എസ്.െഎ ബിജുകുമാർ, എ.എസ്.െഎ രാധാകൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിന്ദു കുമാരി, ഉഷ ,മഞ്ചു, പഞ്ചായത്ത് സെക്രട്ടറി എസ്.ശിവപ്രസാദ്, തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.

>>

എങ്ങനെ തിരിച്ചറിയാം ?​

കേടായത്: അമോണിയ, ഫോർമാലിൻ തളിച്ച വലിയ മീനുകളുടെ കണ്ണ് ചുവന്ന് പഴുത്തിരിക്കും.ചെകിള ഭാഗം കറുത്ത നിറമാകും. മീനിൽ വിരൽ വച്ച് കുത്തി നോക്കിയാൽ കുഴിഞ്ഞിരിക്കും.

നല്ല മീൻ: കണ്ണിന് തിളക്കം കാണും. ചെകിള രക്തമയമായിരിക്കും. മാംസത്തിൽ കുത്തിയാൽ കുഴിയുന്ന ഭാഗം പെട്ടെന്ന് പഴയതുപോലെയാകും.

-------------

1 ലക്ഷം വരെ പിഴ

പഴകിയ മീൻ വിറ്റാൽ തൂക്കം അനുസരിച്ച് ഒരു ലക്ഷം വരെ പിഴയീടാക്കാം. നേരത്തെ, ഭക്ഷ്യ സുരക്ഷാ വിഭാഗം ചന്തകളിൽ നിന്ന് മീനിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുകയാണ് ചെയ്തിരുന്നത്. ഫലവുമായി തിരിച്ചെത്തുമ്പോഴേക്കും മീൻ വിറ്റു കഴിഞ്ഞിരിക്കും. ഇപ്പോൾ റെയ്ഡുകൾ കർശനമാക്കിയിട്ടുണ്ട്.