പത്തനംതിട്ട: '' കൊറോണ ബാധിതയായ എന്നെ വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുകയാണ്. അച്ഛനും അമ്മയുമാണ് ശുശ്രൂഷ. അവർക്കും രോഗം ഉടനെ പകരാൻ സാദ്ധ്യതയുണ്ട്.''

നാട്ടിലെ ചിലരുടെ വക പുതിയ കഥ.
ഇതൊക്കെ ആരേലും വിശ്വസിക്കുമോന്ന് ചോദിക്കരുത്, അയൽക്കാർ പേടിച്ച് ഫോൺ വിളിച്ചുതുടങ്ങി....''

കഴിഞ്ഞ 20ന് രാത്രി ഹൈദരാബാദിലെ ഫ്ളാറ്റിൽ ഇരുന്ന് ബി.അരുന്ധതി ഫേസ് ബുക്കിൽ കുറിച്ചതാണ് ഇൗ വരികൾ.

കൊവിഡ് ബാധയെ തുടർന്ന് അവതാരകയും നടിയുമായ അരുന്ധതിയെ വീട്ടിൽ ഒളിച്ച് താമസിപ്പിച്ചുവെന്ന വ്യാജവാർത്ത ഒാൺലൈൻ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇപ്പോൾ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർത്ഥിനിയാണ് പത്തനംതിട്ട റാന്നി സ്വദേശിയായ അരുന്ധതി.

ഹൈദരാബാദിലെ ലോക്ക് ഡൗൺ കാലത്തെ കുറിച്ച് അരുദ്ധതി പറഞ്ഞുതുടങ്ങി... കെണിയിൽപ്പെട്ട എലിയുടെ അവസ്ഥ പോലെയാണ് ആദ്യം തോന്നിയത്. പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഓടിയെത്താൻ കഴിയാതെ നിസഹായമായ നിമിഷമായിരുന്നു ലോക്ക് ഡൗൺ. നാട്ടിലേക്ക് വരാൻ തയാറായി ഇരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം. പിന്നീട് ഫ്ലാറ്റിൽ തങ്ങുകയായിരുന്നു.

അഭിമാനമാണ് കേരളം...

കേരളത്തിൽ ജനിച്ചത് എത്ര അനുഗ്രഹവും അഭിമാനവും എന്ന് തോന്നുന്ന ദിവസങ്ങൾക്കൂടിയാണിത്. അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവർ കേരളത്തിൽ എത്രത്തോളം സുരക്ഷിതരാണ്. ഒരാൾക്കും പേടിക്കണ്ട, പട്ടിണി കിടക്കണ്ട, ഇതൊക്കെ മറ്റൊരു സ്ഥലത്തും കണ്ടിട്ടില്ല. ഇവിടെ മണിക്കൂറുകൾ ക്യൂ നിന്നാണ് അത്യാവശ്യ സാധനങ്ങൾ വാങ്ങിയത്. അവിടെ പേടിക്കാനില്ലെന്ന് വീട്ടിൽ നിന്ന് പറയുമ്പോ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. പാത്രങ്ങൾ കൊട്ടിയും ലൈറ്റണച്ചും പ്രകടിപ്പിക്കുന്ന ഐക്യദാർഢ്യത്തോടൊപ്പം കൊവിഡിനെ സംഘം ചേർന്ന് പന്തം കൊളുത്തുന്ന മണ്ടത്തരങ്ങളേയും പ്രതിരോധിക്കാൻ കഴിയണം. ഒറ്റയ്ക്ക് താമസിക്കുന്നത് കൊണ്ട് പ്രശ്നമില്ലെങ്കിലും കൂട്ടുകാരോടൊപ്പം അടിച്ചു പൊളിക്കാൻ പറ്റാത്തതിൽ വിഷമമുണ്ട്. പിന്നെ നാട്ടിൽ അച്ഛനും അമ്മയും കഴിഞ്ഞാൽ ചക്ക പുഴുക്കാണ് മിസ് ചെയ്യുന്നതെന്നും പൊട്ടിച്ചിരിച്ചു കൊണ്ട് അരുന്ധതി പറഞ്ഞുനിറുത്തി.