mask
പുളിക്കീഴ് ബ്ലോക്കിൽ നിർമ്മിച്ച മാസ്‌ക്കുകളുടെ വിതരണോദ്ഘാടനം പുളിക്കീഴ് സർക്കിൾ ഇൻസ്പെക്ടർ ടി. രാജപ്പന് നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മോഹൻ നിർവ്വഹിക്കുന്നു

തിരുവല്ല: കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസര്‍ നിര്‍മ്മാണ പദ്ധതിക്ക് പുറമെ മാസ്ക്കുകളുടെ നിർമ്മാണവും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ പൂര്‍ണമായും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാസ്ക്ക് നിര്‍മ്മാണം നടത്തുന്നത്. 2019-20 വർഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് സ്വയം തൊഴിൽ സംരംഭമായി കടപ്ര പഞ്ചായത്തിലെ വിപഞ്ചിക എസ്.എച്ച്. ജി ആരംഭിച്ച കോട്ടൺ ക്യാരി ബാഗ് നിർമ്മാണ യൂണിറ്റാണ് സൗജന്യമായി മാസ്‌കുകൾ നിർമ്മിച്ച് നൽകുന്നത്.രണ്ടു ലയറിലും മൂന്ന് ലയറിലൂമായി പ്രോട്ടോകോൾ പ്രകാരം നിർമ്മിക്കുന്ന കോട്ടൺ മാസ്കുകൾ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് ആവശ്യക്കാർക്ക്‌ എത്തിക്കുന്നത്.വിപഞ്ചിക ഗ്രൂപ്പിനെ കൂടാതെ ബീന ടെയിലേഴ്സ് കടപ്ര,തെരേസ ടെയിലേഴ്സ്,പരുമല എന്നീ സംരംഭകർ കൂടി സന്നദ്ധ സേവനത്തിന് തയാറായി മാസ്ക് നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്.മാസ്കുകളുടെ വിതരണോദ്ഘാടനം പുളിക്കീഴ് സർക്കിൾ ഇൻസ്പെക്ടർ ടി.രാജപ്പന് നൽകി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മോഹൻ നിർവഹിച്ചു.വാർഡ് മെമ്പർ ലിജി ആർ പണിക്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ബി നൈനാൻ വ്യവസായ വികസന ഓഫിസർ സ്വപ്ന ദാസ് എന്നിവർ പങ്കെടുത്തു.