പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ആഘോഷങ്ങൾക്ക് ലോക്ക് വീണപ്പോൾ ദുരിതത്തിലായത് കേറ്ററിംഗ് മേഖലയാണ്. ജില്ലയിൽ 12000ത്തോളം ആളുകൾക്ക് താെഴിൽ ഇല്ലാതായി. എങ്കിലും മഹാമാരിയെ തുരത്താനുളള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയാണ് കേറ്ററിംഗുകാർ. സർക്കാർ തുടങ്ങിവച്ച കമ്മ്യൂണിറ്രി കിച്ചൺ പല സ്ഥലങ്ങളിലും കേറ്ററിംഗ് അസോസിയേഷൻ പ്രവർത്തകർ ഏറ്റെടുത്തു. അടുക്കളയും വിറകും അടക്കം വിട്ടുനൽകി. പാചകത്തിനുളള പാത്രങ്ങളും ഭക്ഷ്യ സാധനങ്ങളും നൽകി. ചില സ്ഥലങ്ങളിൽ സ്വന്തമായി പാചകം ചെയ്തും പൊതിച്ചോർ വിതരണം ചെയ്തും കേറ്ററിംഗ് അസോസിയേഷൻ പ്രവർത്തകർ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി. ഓമല്ലൂർ, കടമ്പനാട്, എഴുമറ്റൂർ, കോയിപ്രം, കല്ലൂപ്പാറ, അയിരൂർ, കോഴഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിൽഇവർ സജീവമാണ്. മറ്റു പഞ്ചായത്തുകളിൽ സാധനങ്ങൾ എത്തിക്കുന്നു.
കേറ്ററേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ആതിര, സെക്രട്ടറി ജോബി ജോൺ, ട്രഷറർ പുഷ്പരാജ്. വർക്കിംഗ് പ്രസിഡന്റ് വിജയൻ നടമംഗലത്ത്, സുരേഷ് ജോർജ് എന്നിവർ സമൂഹ അടുക്കളയിലെ പ്രവർത്തനങ്ങളിൽ സജീവമാണ്. സ്വന്തം വാഹനങ്ങളിലാണ് ഇവർ ഭക്ഷ്യധാന്യങ്ങളും പൊതിച്ചോറുകളും എത്തിക്കുന്നത്. ഒരു ദിവസം 200മുതൽ 250 വരെ പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യ ഭഷണം നൽകിയ സംഘടനയാണ് കേറ്ററേഴ്സ് അസോസിയേഷൻ.
--------------
400ലധികം കേറ്ററിംഗ് യൂണിറ്റുകൾ
ജില്ലയിൽ 400ൽ പരം കേറ്ററിംഗ് യൂണിറ്റുകളാണുളളത്. 12000ൽ പരം തൊഴിലാളികളെയും അരലക്ഷത്തോളം വരുന്ന അവരുടെ കുടുബാംഗങ്ങളെയുമാണ് ലോക്ക് ഡൗൺ നിയന്ത്രണം ബാധിച്ചത്. ഭക്ഷണം വിളമ്പുന്നവർക്കും തൊഴിൽ ഇല്ലാതായി.
------------------
ലോക്ക് ഡൗൺ നിയന്ത്രണം മൂലം തൊഴിൽ ഇല്ലാത്തതിനാൽ കേറ്ററിംഗ് മേഖലയിലെ കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലാണ്. ഇതിൽ നിന്ന് കരകയറുവാൻ സർക്കാർ പ്രഖ്യാപിക്കുന്ന സാമ്പത്തിക സഹായ പാക്കേജിൽ കേറ്ററിംഗ് മേഖലയെയും ഉൾപ്പെടുത്തണം.
മനോജ് മാധവശേരിൽ, കേറ്ററിംഗ് അസാേസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്.