agriculture
നെടുമ്പ്രം പഞ്ചായത്തിലെ ഇടക്കേരി പാടത്ത് നെൽചെടികൾ മറിഞ്ഞു വീണനിലയിൽ


തിരുവല്ല: അപ്പർകുട്ടനാട്ടിൽ പെയ്യുന്ന കനത്ത മഴ കർഷകർക്ക് ഇരുട്ടടിയായി. ഞായറാഴ്ച വൈകിട്ട് ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന ശക്തമായ മഴയിൽ കൊയ്ത്തിന് പാകമായിരുന്ന പാടങ്ങളിൽ വെള്ളം കയറി നെൽച്ചെടികൾ ചരിഞ്ഞുവീണു. ചിലയിടങ്ങളിൽ നെൽച്ചെടികൾ കിളിർത്തുതുടങ്ങി. നെടുമ്പ്രം പഞ്ചായത്തിലെ ഇടക്കേരി പാടത്ത് കഴിഞ്ഞ മഴയിൽ മറിഞ്ഞുവീണ ചെടികൾ കിളിർത്തു തുടങ്ങി. ചരിഞ്ഞുവീണ നെൽച്ചെടികൾ കൊയ്തെടുക്കാനും ബുദ്ധിമുട്ടാണ്. നെന്മണികൾ കൊഴിഞ്ഞുപോകുന്നുമുണ്ട്.

മേഖലയിലെ പാടശേഖരങ്ങളിൽ പകുതിയിലേറെയും ഇനിയും കൊയ്യാൻ ബാക്കി കിടക്കുന്ന വേളയിൽ എത്തിയ അപ്രതീക്ഷിത വേനൽ മഴയിൽ കടുത്ത ആശങ്കയിലാണ് കർഷകർ. വേങ്ങൽ, പാരൂർ കണ്ണാട്ട്, വടവടി എന്നീ പാടശേഖരങ്ങളിൽ മാത്രമാണ് കൊയ്ത്ത് കഴിഞ്ഞത്. കൈപ്പുഴാക്ക, പാണാകേരി, പടവിനകം -എ, പെരുംതുരുത്തി തെക്ക്, മാനകേരി, അഞ്ചടി എന്നീ പാടങ്ങളിൽ കൊയ്ത്ത് യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്ത് പുരോഗമിക്കുകയാണ്. 14 പാടങ്ങൾ കൂടി കൊയ്യാനുണ്ട്. . ഞായറാഴ്ചത്തെ മഴയിൽ പാടങ്ങളിൽ അരയടിയോളം വെള്ളം കെട്ടിനിൽക്കുകയാണ്. നിരണം, കടപ്ര, കുറ്റൂർ പഞ്ചായത്തുകളിലും കൊയ്ത്ത് നടക്കാനുണ്ട്. പ്രദേശത്തെ മുഴുവൻ പാടശേഖരങ്ങളിലേയും കൊയ്ത്ത് പൂർണമാകാൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. ഇതിനിടെ ഞായറാഴ്ചത്തേതിന് സമാനമായ മഴ വീണ്ടുമുണ്ടായാൽ വീണു കിടക്കുന്ന നെൽച്ചെടികൾ കിളിർത്ത് വൻ നഷ്ടമുണ്ടാകുമെന്ന് അപ്പർകുട്ടനാട് നെൽകർഷക സംഘം പ്രസിഡന്റ് സാം ഈപ്പൻ പറഞ്ഞു.