പത്തനംതിട്ട: കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച പന്തളത്തെ പത്തൊൻപതുകാരിക്കൊപ്പം ട്രെയിനിലും ബസിലും യാത്ര ചെയ്തവരെ കണ്ടെത്തി. മാർച്ച് 17ന് ദൽഹിയിൽ നിന്ന് നാട്ടിലെത്തിയ പെൺകുട്ടിക്ക് നിരീക്ഷണ കാലാവധി കഴിഞ്ഞ് കൊവിഡ് വന്നത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. കൊവിഡിന്റെ ലക്ഷണങ്ങളില്ലാതിരുന്ന പെൺകുട്ടിക്ക് ആരിൽ നിന്നാണ് രോഗം പകർന്നത് എന്ന് കണ്ടെത്തുക പ്രയാസമേറിയ ജോലിയായി. വിദ്യാർത്ഥിനി ഡൽഹി നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് വന്നെന്ന ഒറ്റക്കാരണം കൊണ്ടാണു സ്രവം പരിശോധനയ്ക്ക് അയച്ചത്. നിസാമുദ്ദീൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ വിദ്യാർത്ഥിനി യാത്ര ചെയ്ത ബോഗിയിൽ കയറിയിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്.
മംഗള ലക്ഷദ്വീപ് എക്പ്രസിലാണ് വിദ്യാർത്ഥിനി യാത്ര ചെയ്തത്. ട്രെയിനിൽ നിസാമുദീനിൽ നിന്നുള്ള കുറച്ചു യാത്രക്കാർ ഉണ്ടായിരുന്നെന്ന് വിദ്യാർത്ഥിനി പറഞ്ഞിട്ടുണ്ട്. വിദ്യാർത്ഥിനി യാത്രചെയ്ത ബോഗിയിലെ യാത്രക്കാരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഹരിയാനയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്ന് മലയാളികൾ അതേ ബോഗിയിൽ ഉണ്ടായിരുന്നു. വിദ്യാർത്ഥിനി വന്ന ട്രെയിനിൽ കേരളത്തിലെത്തിയ യാത്രക്കാരുടെ പട്ടികയും ലഭിച്ചു. ഇവരോട് െഎസോലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർത്ഥിനി എറണാകുളത്തുനിന്ന് ചെങ്ങന്നൂരിലേക്ക് യാത്ര ചെയ്ത ശബരി എക്‌സ്പ്രസ് ട്രെയിനിലേയും ചെങ്ങന്നൂരിൽ നിന്ന് പന്തളത്തേക്കു യാത്ര ചെയ്ത കെ.എസ്.ആർ.ടി.സി വേണാട് ബസിലെ യാത്രക്കാരേയും കണ്ടെത്താനുളള ശ്രമങ്ങൾ തുടരുകയാണ്. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മേഖലകളിൽ നിന്ന് ജില്ലയിൽ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു.