പത്തനംതിട്ട: ജില്ലയിൽ ഇന്നലെ ഒരാൾക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് തിരിച്ചെത്തിയ ഇലന്തൂർ നെല്ലിക്കാല സ്വദേശിയായ അറുപതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 19ന് ദുബായിയിലെ ദയാറയിൽ നിന്നെത്തിയ ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച പരിശോധനഫലം പോസിറ്റീവായി. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 15 ആയി.
ഇന്നലെ പുതിയതായി മൂന്നു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഒരാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ഡൽഹി നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട ജില്ലക്കാരായ 20 പേർ ജില്ലയിൽ ഹോം ഐസൊലേഷനിലാണ്. ഇവരിൽ 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്നലെ ജില്ലയിൽ 92 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്. ജില്ലയിൽ ഇന്നലെ അയച്ച സാമ്പിളുകളിൽ 897 എണ്ണം നെഗറ്റീവായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 265 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.