പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആശ്വാസമാവുകയാണ് കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കൗൺസലിംഗ് സംഘം. 19 കമ്മ്യൂണിറ്റി കൗൺസിലർമാരും സ്നേഹിതാ കൗൺസിലറും സർവീസ് പ്രൊവൈഡറും ഉൾപ്പെടുന്ന നാലംഗ സംഘവുമാണ് ഇതിനായി ജോലി ചെയ്യുന്നത്. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.വിധുവുമായി ജില്ലാ കളക്ടർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ സംഘത്തിന്റെ സേവനം ഉറപ്പാക്കിയത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സംഘത്തിന് പരിശീലനം നൽകി. കൊറോണ വൈറസ് വ്യാപനം, ലക്ഷണങ്ങൾ, ഹോം ഐസോലേഷനിൽ ഉള്ളവരുടെ വിവരശേഖരണം, വിവരം നൽകേണ്ട സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തൽ, ആവശ്യങ്ങൾ കണ്ടെത്തി വകുപ്പുകളെ അറിയിക്കൽ എന്നിവ കൂടാതെ പൊതുജനങ്ങൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളെ കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും പരിശീലനം നൽകി. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലിൽ കോൾ സെൻറർ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ.ഹരി, ഡോ.ജേക്കബ് എന്നിവർ നൽകുന്ന നിർദ്ദേശം അനുസരിച്ച് എല്ലാ ദിവസവും രാവിലെ ഒമ്പതുമണിയോടെ കൗൺസിലർമാർ ജോലി ആരംഭിക്കും. അതത് ദിവസത്തെ നിർദേശമനുസരിച്ച് ലഭിക്കുന്ന ലിസ്റ്റിൽ നിന്ന് ഓരോരുത്തരെയായി വിളിച്ച് വിവരങ്ങൾ കേന്ദ്രീകൃത വെബ്സൈറ്റിലേക്ക് നൽകുന്നു. വൈകുന്നേരം ആറുമണിക്ക് മുമ്പ് മുഴുവൻ പേരെയും വിളിച്ചു എന്ന് ഉറപ്പാക്കും. എല്ലാദിവസവും ഒരേ ആളുകളെ ആവില്ല ബന്ധപ്പെടേണ്ടി വരുന്നത്. കൊറോണ സെല്ലിൽ നിന്നാണ് എന്ന് പറയുമ്പോൾ സ്നേഹവും നന്ദിയും അറിയിച്ചു കൊണ്ടാണ് കൂടുതൽ പേരും സംസാരിച്ചു തുടങ്ങുന്നത്. എന്നാൽ ചിലർ ഒറ്റപ്പെടലിന്റെ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്. അവരോട്, നിങ്ങൾ സമൂഹത്തിനു വേണ്ടിയാണ് ഈ വലിയ ത്യാഗം ചെയ്യുന്നതെന്ന് പറഞ്ഞു കൊടുക്കുമ്പോൾ സ്നേഹപൂർവ്വം സംസാരിച്ചു തുടങ്ങും.ചില വിളികൾ ഒരു മണിക്കൂർ വരെ നീളാറുണ്ട്. ചിലർ നമ്മുടെ വ്യക്തിപരമായ വിവരങ്ങൾ ചോദിക്കുകയും ഇതെല്ലാം കഴിഞ്ഞാലും വിളിക്കണമെന്നും പറയും. ചിലരുടെ വാക്കുകൾ നമ്മുടെ കണ്ണു നയിക്കാറുണ്ടെന്നും കൗൺസിലർമാർ പറയുന്നു. ഇതിനോടകം 9127 ആളുകൾക്ക് ആശ്വാസമാകുവാൻ കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർമാർക്കും സ്നേഹിത ഉദ്യോഗസ്ഥർക്കും കഴിഞ്ഞിട്ടുണ്ട്.
" വീട്ടിൽ ഐസോലേഷനിൽ ഉള്ളവരെയാണ് കുടുംബശ്രീ കമ്മ്യുണിറ്റി കൗൺസിലർമാർ വിളിച്ച് സംസാരിക്കുന്നത്. ദിവസവും വാട്സ് ആപ്പ് വഴി രാവിലെ ഒൻപതിന് മുമ്പ് ലിസ്റ്റ് നൽകും. ഒരാൾ 75 മുതൽ വ്യക്തികളെ വിളിക്കേണ്ടി വരും. അവർ പൂർണ മനസോടെയാണ് പ്രവർത്തിക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ സോഷ്യൽ വർക്കറും ആരോഗ്യ പ്രവർത്തകരും ചെയ്യുന്ന ജോലിയാണിത്."
അനൂപ
കുടുംബശ്രീ ജില്ലാ മിഷൻ ഡി.പി.എം