ab
അഭിജിത്

കൊടുമൺ:കോവിഡ് 19തിനെതിരെ ജാഗ്രതയോടെയുള്ള പോരാട്ടത്തിലാണ് ലോകം മുഴുവൻ. നമ്മുടെ രാജ്യവും സമ്പൂർണ ലോക്ക്ഡൗണിൽ. ഈ സമയത്തു തട്ടയിൽ പനയറതോണ്ടലിൽ അഭിജിത്തിന് തോന്നിയ ഒരു ചിന്ത ചെന്നെത്തിയത് ഒരു ഓട്ടോമാറ്റിക്ക് വെന്റിലേറ്ററിൽ.കോവിഡ്19 ബാധിച്ച രോഗികൾക്കു ഉപയോഗിക്കാൻ പറ്റുന്ന ഒരു ഉപകരണമാണ് എമർജൻസി വെന്റിലേറ്റർ. ഐസി.യു വെന്റിലേറ്റർ ലഭ്യം അല്ലാത്ത സാഹചര്യത്തിൽ ശ്വാസം എടുക്കാൻ കഴിയാത്ത രോഗികൾക്ക് ഉപയോഗിക്കാവുന്ന ഒരു പോർട്ടബിൾ വെന്റിലേറ്ററിന്റെ ചെറിയ രൂപം. ലോക്ക്ഡൗൺ ആയതിനാൽ വീട്ടിൽ നിന്നും ലഭ്യമായ കുറച്ചു ആ വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് ഈ കൊച്ചുമിടുക്കൻ ഓട്ടോമാറ്റിക് പോർട്ടബിൾ വെൻറിലേറ്റർ രൂപം നൽകിയിരിക്കുന്നത്.

പ്രവർത്തനം ഇങ്ങനെ

ആർട്ടിഫിഷ്യൽ മാനുവൽ ബ്രീത്തിംഗ് യൂണിറ്റ് അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനം. എത്ര അളവിൽ ഓക്സിജൻ രോഗികൾക്ക് നൽകാം അതുപോലെതന്നെ ഓക്സിജൻ ഇടവേളകൾ അഡ്ജസ്റ്റ് ചെയ്യാനുള്ള കൺട്രോൾ പാനലും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. കൈയിൽ കൊണ്ടു നടക്കാവുന്ന ഈ വെൻറിലേറ്റർ വൈദ്യുതിയിലും ബാറ്ററിയിലും പ്രവർത്തിക്കുന്നു.എ എം ബി യു ബാഗിന് പകരം ബലൂണാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. എ എം ബി യു ബാഗ് സാധാരണ നഴ്സുമാർ കൈകൊണ്ട് ചെയ്താണ് കൊടുക്കുന്നത്. എന്നാൽ ഇതിൽ ഒരു സിലിണ്ടർ കണക്ട് ചെയ്തു അതിൻറെ പ്രഷർ ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി ചെയ്യുന്ന രീതിയാണ് ഈ കൊച്ചു മിടുക്കൻ ഈ വെൻറിലേറ്ററിൽ ഉപയോഗിച്ചിട്ടുള്ളത്.

ഇനിയും ആഗ്രഹം

അടൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് എം.എസ് ഇലക്ട്രോണിക്സ് പഠനം പൂർത്തിയാക്കിയ അഭിജിത്തിന് എല്ലാ പിന്തുണയും നൽകി അച്ഛൻ ഹരികുമാറും അമ്മ ഉഷ ഹരി എന്നിവ ഒപ്പമുണ്ട്.ഇനി നല്ലൊരു ജോലിയാണ് ഈ ചെറുപ്പക്കാരൻറെ ആഗ്രഹം.