കടമ്പനാട്: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കടമ്പനാട് എഴാംമൈലിൽ പ്രവർത്തിക്കുന്ന താൽക്കാലിക ചെക്ക് പോസ്റ്റിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രി നടത്തിയ വാഹന പരിശോധനയിൽ ഒരു ടൺ പഴകിയ മത്സ്യം പിടികൂടി. പിക്കപ്പ് വാനിൽ പത്തനംതിട്ട കുമ്പഴയിലുള്ള മൊത്തവ്യാപാരിയ്ക്ക് എത്തിച്ചതാണ് മത്സ്യങ്ങൾ. ഏനാത്ത് ഗ്രേഡ് എസ്.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കടമ്പനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.ജി.സുരേഷ് സ്ഥലത്തെത്തി പരിശോധന നടത്തി, വാഹനം ഏനാത്ത് പൊലീസിന് കൈമാറി. പിക്ക് അപ്പ് വാൻ ഡ്രൈവർ ചവറ പുതുക്കാട് ആനക്കവയലിൽ ശരത് ബാബു, പുതുക്കാട് നാഗരംനട ശ്രീകുമാർ എന്നിവരെ കസ്റ്റഡിയിലെടുത്തതായി ഇൻസ്പെക്ടർ എസ്. ജയകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ വിഴിഞ്ഞത്തു നിന്ന് കൊണ്ടുവന്ന 1375 കിലോഗ്രാം മീൻ ഷാഡോ പൊലീസ് മണ്ണടിയിൽ നിന്നും അടൂർ പതിനാലാംമൈലിൽ നിന്ന് 15 കിലോഗ്രാം അഴുകിയ മത്സ്യവും ഭക്ഷ്യ സുരക്ഷാ അസി.കമ്മിഷണർ ബി. മധുസുദനന്റെ നേതൃത്വത്തിൽ പിടികൂടി നശിപ്പിച്ചിരുന്നു. പിടികൂടിയ മത്സ്യം കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആർ. അജീഷ് കുമാറിന്റെ നേതൃത്വത്തിൽ മറവ് ചെയ്തു.