തിരുവല്ല: വേറിട്ട കൃഷിയിലൂടെയാണ് പെരിങ്ങര സുമാ നിവാസിൽ പ്രമോദ് രാമചന്ദ്രൻ ശ്രദ്ധേയനാകുന്നത്. രണ്ട് ഏക്കറിൽ കൃഷി ചെയ്തത് ചോളം. നൂറുമേനി വിളവെടുക്കുകയും ചെയ്തു. പെരിങ്ങര പഞ്ചായത്ത് 14-ാം വാർഡിലെ കോടങ്കേരി പാടത്ത് നെല്ല് കൃഷി ചെയ്തിരുന്നു.. രക്തശാലി, ബ്ളാക് ജാസ്മിൻ, ഞവര ഇനങ്ങളിൽപ്പെട്ട നെൽവിത്തുകളാണ് വിതച്ചത്. യന്ത്രത്തിന്റെ സഹായമില്ലാതെയാണ് കൊയ്തെടുത്തത്. ഇതോടൊപ്പമാണ് കുറെ സ്ഥലത്ത് ചോളവും പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്‍തത്. 200 കിലോയോളം ചോളം ലഭിച്ചു. പാവലും പടവലവും മത്തനുമെല്ലാം ഇടവിളകളാക്കി. രാസവളം ഉപയോഗിക്കാതെയാണ് കൃഷി. കോഴിക്കോട് രാമല്ലൂർ സ്വദേശിയും കർഷകനുമായ ഗിരീഷനാണ് പ്രകൃതി കൃഷിരീതി പഠിപ്പിച്ചത്. നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ജില്ലാ കമ്മിറ്റിയും ജൈവകൃഷിക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. കൃഷിയില്ലാത്തപ്പോൾ വിവിധ കമ്പനികളുടെ ഇലക്ട്രോണിക്സ് സർവീസും പ്രമോദ് ചെയ്തുകൊടുക്കുന്നു. ഭാര്യ ആശയും മക്കളായ അനന്തുവും പ്രണവും സഹായവുമായുണ്ട്.