പള്ളിക്കൽ: കോവിഡ് 19തിനെതിരെ ശക്തമായ പ്രതിരോധം തീർത്ത് ഭിന്നശേഷിക്കാരായ കുട്ടികൾക്കും കരുതൽ നൽകുകയാണ് പള്ളിക്കൽ പഞ്ചായത്തിലെ ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്റർ. കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യോജിച്ച് ഭിന്നശേഷിക്കുട്ടികൾക്കായി നടപ്പാക്കുന്നവയാണ് ബഡ്‌സ് സ്ഥാപനങ്ങൾ. ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾത്തന്നെ ബഡ്‌സിലെ കുട്ടികൾക്ക് പ്രത്യേക കരുതൽ നൽകണമെന്ന് കുടുംബശ്രീ സംസ്ഥാന മിഷൻ അദ്ധ്യാപകർക്ക് നിർദ്ദേശം നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പള്ളിക്കൽ പഞ്ചായത്ത് ഭരണ സമിതിയും പള്ളിക്കൽ ബഡ്‌സിലെ അദ്ധ്യാപകരും സ്ഥാപനത്തിലെ കുട്ടികളുടെ പ്രത്യേക സവിശേഷതകൾ അറിഞ്ഞ് കുട്ടികൾക്കായി വ്യക്തിഗത പ്ലാനുകൾ തയാറാക്കി അതിനനുസരിച്ച് ഓരോരുത്തർക്കും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളും പരിശീലനങ്ങളും വിഭാവനം ചെയ്യുകയായിരുന്നു. ഈ പ്ലാനുകൾ ഉപയോഗപ്പെടുത്തി ഓരോ കുട്ടിക്കും വീട്ടിലിരുന്ന് ചെയ്യാനാകുന്ന പ്രവൃത്തികൾ തയാറാക്കുകയും അത് മാതാപിതാക്കളിലേക്ക് ഫോൺ മുഖേനയോ വാട്‌സ്ആപ്പ് മുഖേനയോ എത്തിക്കുകയുമാണ് ചെയ്യുന്നത്. ഇതനുസരിച്ച് ഓരോ കുട്ടികൾക്കും വ്യത്യസ്തങ്ങളായ പ്രവൃത്തികൾ പഞ്ചായത്ത് അധികൃതരും അദ്ധ്യാപകരും രൂപകൽപ്പന ചെയ്യുകയായിരുന്നു.

ഓരോ കുട്ടിക്കും വ്യക്തിഗത പ്ലാനുകൾ

ഓരോ കുട്ടികളിലും പ്രത്യേക ശ്രദ്ധയൂന്നി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ചിത്രരചന,പത്രവായന, അക്ഷരങ്ങളുടെ പഠനം, സംഗീത പഠനം,തയ്യൽ പഠനം,സ്വയംപര്യാപ്തത നേടാനുള്ള പരിശീലനം, അടുക്കളയിൽ ജോലിക്ക് ഒപ്പം കൂട്ടുക ഇങ്ങനെ നിരവധി നിർദ്ദേശങ്ങളാണ് ഓരോ കുട്ടിയുടെയും വ്യക്തിഗത പ്ലാൻ അനുസരിച്ച് അദ്ധ്യാപകർ മാതാപിതാക്കൾക്ക് നൽകിയത്. ഇതനുസരിച്ച് കുട്ടികൾ ചെയ്യുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും മറ്റും അദ്ധ്യാപകർക്ക് മാതാപിതാക്കൾ അയച്ചുനൽകുകയും ചെയ്യുന്നു. കുട്ടികൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ടോ, മരുന്നുകളും മറ്റും ലഭിക്കുന്നുണ്ടോ എന്നത് സ്ഥിരമായി അന്വേഷിക്കുകയും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തദ്ദേശ സ്ഥാപനം അല്ലെങ്കിൽ കുടുംബശ്രീ സംഘടനാ സംവിധാനം മുഖേന നിറവേറ്റിക്കൊടുക്കും.കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർമാർ ഫോൺ മുഖേന കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് മാനസിക പിന്തുണ നൽകുകയും ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, ബഡ്‌സ് സ്‌കൂൾ അദ്ധ്യാപികരായ സുമ, രാമകൃഷ്ണൻ ഷീജ ബീഗം കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജോമോൻ കുടുംബശ്രീ ഡിഎംസി വിധു,എ ഡി എം സി സലീന, ഡി പി എം ഷീബ,ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷംല എന്നിവർ നേതൃത്വം നൽകുന്നു.