തണ്ണിത്തോട്: മത്സ്യത്തിന്റെ വരവ് കുറഞ്ഞതിനാലും,വരുന്ന മത്സ്യങ്ങളിൽ ഫോർമാലിൻ തളിക്കുന്ന വാർത്തകളെ തുടർന്നും മലയോരമേഖലയിൽ ബ്രോയിലർ കോഴിയിറച്ചിയുടെ വില ഉയരുന്നു. പല കടകളിലും ദിനംപ്രതി 170 മുതൽ 250 കിലോ വരെ കോഴിയിറച്ചിയുടെ കച്ചവടം നടക്കുന്നതായി വ്യാപാരികൾ പറയുന്നു. കൊറോണ പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി ഹോട്ടലുകൾ അടച്ചതിനാൽ വീടുകളിലെ ആവശ്യങ്ങൾക്ക് മാത്രമാണിപ്പോൾ കച്ചവടം നടക്കുന്നത്.പക്ഷിപനിയെ തുടർന്ന് കിലോയ്ക്ക് 55 രൂപയായിരുന്ന ചിക്കന്റെ വിലയിപ്പോൾ 116 രൂപയിലെത്തി സാധാരണ നൊയമ്പ് കാലത്ത് വില കുറയേണ്ടതായിരുന്നു.

വിൽപ്പനയിൽ അധികവും നാട്ടിലെ ഫാമുകളിൽ നിന്നുള്ളവ

തമിഴ്നാട്ടിൽ നിന്നുള്ള ബ്രോയിലർ കോഴികളുടെ വരവ് കുറഞ്ഞതോടെ നാട്ടിലെ ഫാമുകളിൽ വളർത്തുന്ന കോഴികളാണിവിടെ ഇപ്പോൾ കൂടുതലായി വിറ്റഴിക്കുന്നത്. കമ്പം മേഖലയിൽ നിന്നുള്ള കോഴികളേയും ഇവിടെ കച്ചവടക്കാർ എത്തിക്കുന്നുണ്ട്. മത്സഫെഡിന്റെ കോന്നിയിലെ വ്യാപാര കേന്ദ്രത്തിലും,നാരായണപുരം ചന്തയിലും, കുളത്തുങ്കലിലും,തണ്ണിത്തോട്ടിലും ഇന്നലെ വലിയ മത്സ്യങ്ങൾ മാത്രമായിരുന്നു വിൽപ്പനയ്‌ക്കെത്തിയത്.ചെറിയ മത്സ്യങ്ങളായ അയല, മത്തി,നെത്തൊലി എന്നിവ ലഭ്യമില്ലായിരുന്നു. മത്സ്യത്തിന്റെ വരവും വിൽപ്പനയും കുറഞ്ഞതോടെ മലയോര മേഖലയിൽ ബ്രോയിലർ കോഴികളുടെ കച്ചവടവും,വിലയും ഉയരുകയാണ്.

-170 മുതൽ 250 കിലോ ഇറച്ചിവരെ ദിവസവും കച്ചവടം

-കോഴിയിറച്ചിക്ക് വില116 രൂപ