അടൂർ : ലോക്ക് ഡൗണിനെ തുടർന്ന് ഒട്ടൊന്ന് ശമിച്ച വാഹന ഗതാഗതം കഴിഞ്ഞ രണ്ട് ദിവസമായി വർദ്ധിച്ചു.വരുന്നതിൽ തൊണ്ണൂറ് ശതമാനവും ആശുപത്രിയിലേക്ക് എന്ന പേരിലാണ് ഇറങ്ങുന്നത്.ഒപ്പം സത്യവാംഗ് മൂലം പൂരിപ്പിച്ചും പൊലീസിന്റെ കണ്ണിൽ പൊടിയിട്ട് സഞ്ചരിക്കുന്നവർ ഏറെയാണ്.ഇതോടെ നിരത്തിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം ഏറി. ആശുപത്രിയിലേക്ക് എന്ന പേരിൽ വരുന്നവരെ പൊലീസിന് തടയാനാകുന്നുമില്ല.
കാരണങ്ങളില്ലാതെ പുറത്തിറങ്ങുന്നവർ ഏറെ
എല്ലാ മേഖലകളിലും വാഹന പരിശോധന ഉണ്ടെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇത് വേണ്ടത്ര ഫലപ്രദമാകുന്നില്ല.വീടിനുള്ളിൽ ദിവസങ്ങളായി അടഞ്ഞുകൂടിയിരിക്കുന്നവർ ഏതെങ്കിലും കാരണത്തിന്റെ പേരിൽ പുറത്തിറങ്ങാൻ വ്യഗ്രതകാട്ടുകയാണ്. അതിൽ പ്രധാനം ആശുപത്രി, മെഡിക്കൽ സ്റ്റോർ, അവശ്യ സാധനങ്ങൾ തുങ്ങി വിവിധ പേരുകൾ പറഞ്ഞാണ് പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞുനിറുത്തിയ സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയുടെ മറുപടി അലങ്കാര മത്സ്യത്തിന് തീറ്റവാങ്ങാൻ ഇറങ്ങിയതെന്നായിരുന്നു.ഗ്രാമീണമേഖലകളിലെ സ്ഥിതി വ്യത്യസ്ഥമാണ്. തുറന്ന് വച്ചിരിക്കുന്ന ഏതെങ്കിലും കടയുടെ ചുറ്റുവട്ടിൽ കുറഞ്ഞത് 25പേരെങ്കിലും കാണും. ഒപ്പം സ്കൂട്ടർ യാത്രികരായ ചെറുപ്പക്കാർ അമിത വേഗതയിൽ പായുന്നതും പതിവ് കാഴ്ചയാണ്.
ഗ്രാമീണ മേഖലയിൽ നിരീക്ഷണമില്ല
ഗ്രാമീണ മേഖലയിലെ നിരീക്ഷണം പൊലീസ് വേണ്ടത്ര കാര്യക്ഷമമാക്കാത്തതാണ് ഇതിന് ഇടവരുത്തുന്നത്. വാഹന ഗതാഗത നിയന്ത്രണത്തിൽ പൊലീസ് ഇടയ്ക്ക് കാട്ടിയ ജാഗ്രത ഇപ്പോൾ വേണ്ടത്രയില്ലാ എന്നതിന് തെളിവാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നഗരത്തിലെ വാഹനത്തിരക്കിന് പ്രധാനമായും ഇടയാക്കുന്നത്.വാഹനങ്ങൾ പിടിച്ചെടുക്കുന്ന കേസുകളും കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞതും കറക്കക്കാർക്ക് പ്രചോദനമായി.വർഷങ്ങൾക്ക് മുൻപ് ഡോക്ടർ കുറിച്ചുകൊടുത്ത കുറിപ്പടിയുമായി എത്തിയ സ്കൂട്ടർ യാത്രികനെ കഴിഞ്ഞ ദിവസം അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ പിടികൂടി.കുറുപ്പടിയുടെ കാലപ്പഴക്കം കണ്ടപ്പോൾ തന്നെ പൊലീസിന് സംശയമായി.ബൈക്ക് ഒതുക്കി നിറുത്തിയിട്ട് തൊട്ടടുത്ത മെഡിക്കൽ സ്റ്റോർ ചൂണ്ടിക്കാട്ടി പോയി മരുന്ന് വാങ്ങാൻ നിർദ്ദേശിച്ചു. എന്നാൽ മരുന്നില്ലെന്ന് പറഞ്ഞ് മടക്കാൻ ഫാർമസിസ്റ്റിനോട് ആവശ്യപ്പെട്ടെങ്കിലും വീണ് കിട്ടിയ ഇര എന്ന നിലയിൽ കുറുപ്പടിയിലെ മരുന്ന് മുഴുവൻ നൽകിയാണ് മടക്കിയത്.
അടൂർ സ്റ്റേഷനിൽ ഇന്നലെ പിടികൂടിയത് 8 വാഹനങ്ങൾ
ഏനാത്ത് 19വാഹനങ്ങൾ പിടികൂടി