പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധത്തിൽ സജീവമായി ജില്ലയിലെ മുന്നൂറോളം ഹെൽത്ത് ഇൻസ്‌പെക്ടർമാർ. റാന്നിയിലെ കുടുംബത്തിന് കൊവിഡ് സ്ഥിരീകരിച്ച മാർച്ച് എട്ടിന് അവരുമായി സമ്പർക്കത്തിലായവരെ കണ്ടെത്തി വേഗത്തിൽ പട്ടിക തയ്യാറാക്കിയത് ഹെൽത്ത് ഇൻസ്‌പെക്ടർമാരായിരുന്നു.
അതതു ദിവസങ്ങളിലെ റിപ്പോർട്ടുകൾ പൊലീസിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കൈമാറി. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എല്ലാത്തിനും പിന്തുണയുമായി എം.സി.എച്ച് ഓഫീസർ ഉഷാദേവിയുടെ നേതൃത്വത്തിൽ മുന്നൂറോളം പബ്ലിക്ക് ഹെൽത്ത് നഴ്‌സുമാരും അണിനിരന്നു.
പത്തനംതിട്ട കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലുകളിലും ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ സജീവ സാന്നിദ്ധ്യമുണ്ട്. സംശയ നിവാരണങ്ങൾക്കും ആശങ്കകൾ തീർക്കുന്നതിനുമായി പ്രത്യേക സെല്ലുകൾ തുടങ്ങി. ഫോൺസന്ദേശങ്ങൾ രജിസ്റ്ററിലാക്കി നടപടികൾക്കായി ബന്ധപ്പട്ടവർക്ക് സമർപ്പിക്കണം.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തുന്നവരെ നിരീക്ഷണത്തിൽ വിടുന്നതിനുള്ള നടപടികൾ, കോവിഡ് സംബന്ധമായ ബോധവൽക്കരണം, അതിർത്തി സ്്രകീനിംഗ്, അതിഥിതൊഴിലാളികൾക്കു ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങളിലെല്ലാം ഇവർ സജീവമാണ്. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ റെയിൽവെ സ്‌റ്റേഷഷനുകളിലും പ്രധാന ബസ് സ്റ്റാൻഡുകളിലും ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തിയിരുന്നു. സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങളുടെ പരിശോധനയും ഇവരുടെ നേതൃത്വത്തിൽ കാര്യക്ഷമമായി നടന്നുവരുന്നു.നിലവിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന 7700 പേരെ ഫോണുകളിൽ ദിവസേന വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുന്നു.
ജില്ല പ്രളയം നേരിട്ടപ്പോഴും, എലിപ്പനി, ഡങ്കിപ്പനി മറ്റു രോഗങ്ങൾ എന്നിവയെല്ലാം പിടിപെട്ട സാഹചര്യങ്ങളിലും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക്
പിന്തുണയുമായി ഹെൽത്ത് ഇൻസ്‌പെക്ടർമാർ രംഗത്തുണ്ടായിരുന്നു. ടെക്‌നിക്കൽ അസിസ്റ്റന്റ് സി.ജി.ശശിധരന്റെ നേതൃത്വത്തിലാണ് ഹെൽത്ത് ഇൻസ്‌പെക്ടർമാർ പ്രവർത്തിക്കുന്നത്.