പത്തനംതിട്ട: ജില്ലയിൽ നിന്ന് തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ (ആർ.സി.സി) ചികിത്സിച്ചിരുന്ന രോഗികൾക്ക് വീടുകളിൽ മരുന്ന് എത്തിച്ചു നൽകുന്നതിന് അഗ്‌നിരക്ഷാസേയുടെ സഹായത്തോടെ സംവിധാനം ഇന്ന് നിലവിൽ വരും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ (പി.എച്ച്.സി) നിന്ന് ലഭിക്കുന്ന രോഗികളുടെ വിവരങ്ങളും മരുന്ന് കാര്യങ്ങളും ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് ജില്ലാ ഫയർഫോഴ്‌സ് ഓഫീസിൽ കൈമാറും. ജില്ലാ ഫയർഫോഴ്‌സ് ഇ മെയിൽ വഴി തങ്ങളുടെ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്‌സിൽ അറിയിക്കുകയും അവിടെയുള്ള ടീം ആർ.സി.സിയുമായി ബന്ധപ്പെട്ട് മരുന്നുകൾ പത്തനംതിട്ട അഗ്‌നിരക്ഷാസേന ഓഫീസിലെത്തിക്കും. ഇവിടെ നിന്ന് ജില്ലയിലെ രോഗികളുടെ വീട്ടിലെത്തിക്കുന്ന സംവിധാനമാണ് നിലവിൽ വരുന്നത്. കാരുണ്യ പോലെയുള്ള പദ്ധതിയിലുള്ളവർക്ക് സൗജന്യമായും പണം മുടക്കി മരുന്ന് വാങ്ങേണ്ടവർക്ക് പണം അടയ്ക്കുന്ന മുറയ്ക്കും മരുന്നുകൾ എത്തിക്കും.

നിലവിൽ ആർ.സി.സിയിൽ ചികിത്സയിൽ തേടുന്ന 66 പേരാണ് സേവനങ്ങൾക്കായി സമീപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ പി.ബി.നൂഹിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ആലോചനായോഗം ചേർന്നു.

യോഗത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ഡി.പി.എം ഡോ.എബി സുഷൻ, ജില്ലാ ഫയർഫോഴ്‌സ് ഓഫീസറുടെ ചുമതലയുള്ള പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ വി.വിനോദ്കുമാർ, യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.