sp-

മല്ലപ്പള്ളി: ആകാശത്ത് പറക്കുന്ന കാമറാ കണ്ണിലൂടെ നിരീക്ഷണം നടത്തി കോവിഡ്19 പ്രതിരോധ സുരക്ഷ ക്രമീകരിച്ച് മല്ലപ്പള്ളി പൊലീസ് രംഗത്ത്. ഇന്നലെ രാവിലെ സെൻട്രൽ ജംഗ്ഷനിൽ ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ടൗൺ, മാർക്കറ്റ് ജംഗ്ഷൻ, പഞ്ചായത്ത് ജംഗ്ഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സൂക്ഷ നിരീക്ഷണം നടത്തി. മാർക്കറ്റ് റോഡിലെ റേഷൻ കടകൾക്ക് മുമ്പിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്ന ദൃശ്യം മോനിറ്ററിൽ ദൃശ്യമായതോടുകൂടി ആൾക്കൂട്ടം ഒഴിവാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. ടൗണും പരിസരപ്രദേശങ്ങളും ഇടവഴികൾ ഉൾപ്പെടയുള്ള പരിശോധനക്ക് ശേഷം ജില്ലാ അതിർത്തിയായ നെടുങ്ങാടപ്പള്ളിയിലും നിരീക്ഷണം നടത്തി. വിഹനവീക്ഷണത്തിൽ ആളുകൾ ഓടിമാറുന്നത് കണ്ടെതിനെ തുടർന്ന് നടപടി ശക്തമാക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിയുടെ പരിശോധനാ സമയം ഇതുവഴി കടന്നുവന്ന എം.എൽ.എ അഡ്വ. മാത്യു ടി. തോമസ്, തിരുവല്ല ആർ.ഡി.ഒ ഡോ. വിനയ് ഗോയൽ, പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ എന്നിവരുമായ എസ്.പി. ചർച്ച നടത്തി. തിരുവല്ല ഡി.വൈ.എസ്.പി. ജെ. ഉമേഷ്‌കുമാർ, മല്ലപ്പള്ളി സി.ഐ സി.ടി. സഞ്ജയ്, എസ്.ഐ ബി.എസ്. ആദർശ് ഉൾപ്പെടെയുള്ള പൊലീസ് സ്ഥലത്തെത്തിയിരുന്നു.