പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ കൊവിഡ് വാർഡിന് സാന്ത്വനമേകി ഗാനമേള. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ജില്ലയിൽ സഞ്ചരിക്കുന്ന ഗാനമേള സംഘമാണ് ജനറൽ ആശുപത്രിയിലെത്തിയത്. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോ.ജയശ്രീ ' ചെമ്പരത്തിപ്പൂവേ ചൊല്ലൂ... ' എന്ന ഗാനം പാടിയപ്പോൾ കരഘോഷമുയർന്നു. ഇന്നലെ അവധിയിലായിരുന്ന ഡോക്ടർ ആശുപത്രിയ്ക്ക് മുന്നിലെ കടയിലെത്തിയപ്പോഴാണ് ഗാനമേള നടക്കുന്നതറിഞ്ഞത്. താനും ഒരു പാട്ടു പാടാമെന്ന് പറഞ്ഞ് ഡോക്ടർ മൈക്ക് എടുക്കുകയായിരുന്നു. ബ്ളഡ് ബാങ്കിെ ജീവനക്കാരി സുനിത, പൊലീസുകാരായ ശ്രീരാജ്, ജയകുമാർ എന്നിവരായിരുന്നു മറ്റ് ഗായകർ. ഡിവൈ.എസ്.പി കെ. സജീവ്, ട്രാഫിക് എസ്,െഎ സുരേഷ് കുമാർ, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സാജൻ മാത്യൂസ്, ആർ.എം.ഒ ഡോ. ആശിഷ് മോഹൻകുമാർ, നഴ്സുമാർ, ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.