നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും

പത്തനംതിട്ട: കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള പുറത്തിറങ്ങൽ വിലക്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ്
അത്യാവശ്യം പുറത്ത് പോകേണ്ടവർക്കുള്ള വ്യക്തമായ നിർദേശം സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. ഇത് പൊലീസ് ഉൾപ്പെടെയുള്ള സംവിധാനം വഴി ഉറപ്പാക്കും.


അവശ്യഘട്ടത്തിൽ മാത്രം സ്വകാര്യ വാഹനം ഉപയോഗിക്കാവൂ. ആശുപത്രിയിൽ പോകുന്നതിനും മരുന്നുകൾ വാങ്ങുന്നതിനും അവശ്യസാധനങ്ങൾ വാങ്ങുന്നതിനും തുടങ്ങിയ അടിയന്ത സാഹചര്യങ്ങളിൽ സ്വകാര്യ വാഹനം ഉപയോഗിക്കാം. ഈ യാത്രയിലും നിശ്ചിത ആളുകൾ മാത്രമേ വാഹനത്തിൽ ഉണ്ടാകാൻ പാടുള്ളൂ.

അടിയന്തരഘട്ടത്തിൽ യാത്ര ചെയ്യുന്നവർക്കായി സത്യവാങ്മൂലം കൈയ്യിൽ കരുതാൻ നിർദേശമുണ്ട്. എവിടെ പോകുന്നു, എന്തിന് പോകുന്നു ഉൾപ്പെടെ ഇതിൽ വ്യക്തമാക്കണം.

വീടുകളിൽ കഴിയാൻ നിർദേശമുള്ളതിനാൽ ബന്ധുവീട്ടിലും സുഹൃത്ത് വീട്ടുകളിലും അയൽപക്കത്തെ വീടുകളിൽ ഉൾപ്പെടെ പോകുന്നത് ഒഴിവാക്കണം. പ്രഭാത സവാരി , ജോഗിംഗ് എന്നിവയും ഒഴിവാക്കണം.

ജില്ലാ അതിർത്തിയിലുള്ള സ്‌ക്വാഡിന്റെ പരിശോധനയുടെ പ്രധാന ഉദ്ദേശം ഒരാളും ജില്ലാ അതിർത്തിവിട്ട് അനാവശ്യമായി പുറത്തിറങ്ങുന്നില്ല എന്നു ഉറപ്പുവരുത്തുന്നതിനാണ്.

അവശ്യസാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങൾക്ക് യാത്രാനിയന്ത്രണം ഇല്ല.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന കൂടുതൽ ആളുകൾക്ക് ഭക്ഷ്യവസ്തുകൾ ഉൾപ്പെടെയുള്ളവ എത്തിച്ചു നൽകാൻ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതായിരിക്കും.