death

തിരുവനന്തപുരം: കൊവിഡ് രോഗബാധിച്ച് അമേരിക്കയിൽ നാല് മലയാളികൾ കൂടി മരിച്ചു. തിരുവല്ല നെടുമ്പ്രം സ്വദേശി ഈപ്പൻ ജോസഫ് (74), ചെങ്ങന്നൂർ സ്വദേശി ശിൽപ്പ നായർ (40), കോട്ടയം കാഞ്ഞിരമറ്റം സ്വദേശി ജോസഫ്.കെ.തോമസ് (72),​ എറണാകുളം പിറവം സ്വദേശി ഏലിയാമ്മ കുരിയാക്കോസ് (61)​ എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്. ഇതോടെ വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം ഇരുപത്തിയൊന്നായി.

നെടുമ്പ്രം ഒറ്റത്തെങ്ങ് കൈപ്പാംചാലിൽ വീട്ടിൽ റിട്ട. ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥനായ ഈപ്പൻ ജോസഫ് (കെ.ജെ. ഈപ്പൻ ) ന്യൂയോർക്കിലാണ് മരിച്ചത്. 15 വർഷമായി കുടുംബസമേതം അവിടെയായിരുന്നു. യു.എസിൽ പോസ്റ്റൽ ആൻഡ് ടെലിഗ്രാഫ് ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം അവിടെ നടക്കും. ഭാര്യ: ആലീസ് ഈപ്പൻ. മക്കൾ: പരേതനായ അരുൺ ഈപ്പൻ, സരുൺ ഈപ്പൻ (അബുദാബി), വരുൺ ഈപ്പൻ. മരുമക്കൾ: മെറീന വർഗീസ്, ലിജി മത്തായി (അബുദാബി), ജെനി സോനാ മാത്യു (ന്യൂയോർക്ക്).

ചെങ്ങന്നൂർ സ്വദേശി ശിൽപ്പ പൂനെയിലാണ് ജനിച്ചതും വളർന്നതും.

ന്യൂയോർക്കിൽ മരിച്ച പിറവം സ്വദേശി ഏലിയാമ്മ കക്കാട് ഇലഞ്ഞിമറ്റത്തിൽ കുടുംബാംഗമാണ്. ഭർത്താവ് കുര്യാക്കോസ്. ഇദ്ദേഹത്തിന്റെ സഹോദരി മേരിക്കൊപ്പം 18 വർഷം മുൻപാണ് കുര്യാക്കോസും ഏലിയാമ്മയും ന്യൂയോർക്കിലെത്തിയത്. അവിടെ പോസ്റ്റൽ വകുപ്പ് ജീവനക്കാരിയായിരുന്നു ഏലിയാമ്മ. കുര്യാക്കോസ് ആശുപത്രി ജീവനക്കാരനാണ്. മക്കൾ: ഡോണി (പൊലീസ് ന്യൂയോർക്ക്), സോണി (നഴ്സ്). മര‌ുമക്കൾ: അഞ്ജു, സ‌ുനീഷ്.