പത്തനംതിട്ട: ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണുകളിൽ വേവുന്നത് രാഷ്ട്രീയം. പല പഞ്ചായത്തുകളിലും രാഷ്ട്രീയം നോക്കിയാണ് അടുക്കള നടത്തുന്നതെന്നും പൊതിച്ചോറുകൾ എത്തിക്കുന്നതെന്നുമാണ് ആക്ഷേപം. ഇനി നടക്കേണ്ട ത്രിതല പഞ്ചായത്ത് തിരഞ്ഞെുപ്പിൽ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെയാണ് മത്സരിച്ചുള്ള ഭക്ഷണ വിതരണം.
സൗജന്യമായി ഭക്ഷണം ലഭിക്കാൻ അർഹതയുളള കിടപ്പുരോഗികൾ, വയോജനങ്ങൾ, അഗതി മന്ദിരങ്ങളിൽ താമസിക്കുന്നവർ, അന്യ സംസ്ഥാന തൊഴിലാളികൾ തുടങ്ങിയവർ അവഗണിക്കപ്പെടുന്നതായും പരാതിയുണ്ട്. ഇവർക്ക് സന്നദ്ധ സംഘടനകളും വ്യക്തികൾ ചേർന്ന ചെറു ഗ്രൂപ്പുകളുമാണ് സൗജന്യമായി പൊതിച്ചോർ വിതരണം ചെയ്യുന്നത്. സൗജന്യ ഭക്ഷണത്തിന് അർഹതയുളളവരെ കണ്ടെത്താൻ തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ, കുടുംബശ്രീ ഉദ്യോഗസ്ഥൻ, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവരുടെ ഏഴംഗ സമിതി പല പഞ്ചായത്തുകളിലും യോഗം ചേർന്നിട്ടില്ല.
തദ്ദേശ സ്ഥാപനം ഭരിക്കുന്ന പാർട്ടികൾ അവർക്കു താൽപ്പര്യമുളള മേഖലകളിൽ ഭക്ഷണം വിതരണം നടത്തുവെന്നാണ് പൊതുവായുളള ആരോപണം. ഇതേ തുടർന്നാണ് അർഹരായവരെ സഹായിക്കാൻ ചില സന്നദ്ധസംഘടനകൾ രംഗത്തുവന്നത്.
കമ്മ്യൂണിറ്റി കിച്ചണ് സമാന്തരമായി രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട അടുക്കളകളും സജീവമായി. ജില്ലയിൽ ഒൻപതിടത്ത് സമാന്തര അടുക്കളകൾ തുറന്ന് മത്സരം നടക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത് ഇത്തരം രാഷ്ട്രീയ അടുക്കളകളെപ്പറ്റിയാണ്. കോന്നി, കോഴഞ്ചേരി, അടൂർ, മല്ലപ്പളളി താലൂക്കുകളിൽ രാഷ്ട്രീയ പാർട്ടികൾ അടുക്കളകൾ നടത്തി പൊതിച്ചോറുകൾ വിതരണം ചെയ്യുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി നടക്കുന്ന ജില്ലയിലെ സമാന്തര അടുക്കളകളെ വിലക്കാൻ ജില്ലാഭരണകൂടം ഇടപെടുന്നില്ലെന്ന് വിമർശനമുയർന്നിട്ടുണ്ട്.
------------
തണ്ണിത്തോട്ടിൽ നിറുത്തി
തണ്ണിത്തോട്ടിലെ സമാന്തര അടുക്കള മാത്രമാണ് നിറുത്തിയത്. കോന്നി , പ്രമാടം, വളളിക്കോട്, ചെറുകോൽ, അയിരൂർ തുടങ്ങിയ പഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലും സമാന്തര അടുക്കളകൾ നടത്തിവരുന്നു.
തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ചേർന്നാണ് കമ്മ്യൂണിറ്റി കിച്ചൺ നടത്തേണ്ടതെന്ന് സർക്കാർ ഉത്തരവുണ്ട്. ജില്ലയിൽ 53 ഗ്രാമ പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി 63 കമ്മ്യൂണിറ്റി കിച്ചണുകളാണ് കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്നത്. ആവശ്യമുണ്ടെങ്കിൽ ഒന്നിൽ കൂടുതൽ അടുക്കള നടത്താമെന്ന് നിർദേശമുണ്ട്. പളളിക്കൽ, ഏഴംകുളം പഞ്ചായത്തുകളിൽ ഒന്നിൽ കൂടുതൽ അടുക്കളകളുണ്ട്.
------------
വെച്ചൂച്ചിറയിലും മല്ലപ്പുഴശേരിയിലും ഇല്ല
വെച്ചൂച്ചിറ, മല്ലപ്പുഴശേരി പഞ്ചായത്തുകളിൽ ഇതുവരെ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങിയിട്ടില്ല. ഇവിടെ ചില പഞ്ചായത്തംഗങ്ങൾ മുൻകൈയെടുത്താണ് അടുക്കള നടത്തുന്നത്. ഫണ്ട് ഇല്ലാത്തതിനാലാണ് അടുക്കള തുടങ്ങാത്തതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. സ്പോൺസർമാരെ കണ്ടെത്തി അടുക്കള പ്രവർത്തിക്കാൻ ധനസഹായം ഉറപ്പാക്കണമെന്നും അതിനു കഴിയുന്നില്ലെങ്കിൽ പഞ്ചായത്തുകളുടെ തനതു ഫണ്ടോ വികസന ഫണ്ടോ ഉപയോഗിക്കാമെന്നും ഇക്കഴിഞ്ഞ നാലിന് ഇറങ്ങിയ സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്. അടുക്കള തുടങ്ങാത്തതിന്റെ കാരണം തേടി പഞ്ചായത്ത് സെക്രട്ടറിമാർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.