തിരുവല്ല: ലോക്ക് ഡൗൺ നിയന്ത്രണങ്ങളും മറ്റു പരിമിതികളും മറികടന്ന് ജില്ലയിലെ ട്രഷറികളിലൂടെ ഇന്നലെ വരെ പതിനായിരത്തോളം പേർക്ക് പെൻഷൻ വിതരണം ചെയ്തു. ഏപ്രിൽ രണ്ടുമുതൽ ഏഴുവരെയായിരുന്നു കർശനമായ നിയന്ത്രണം. ഈ ദിവസങ്ങളിൽ ശരാശരി 1500 പേർക്ക് ദിവസവും പെൻഷൻ നൽകി. കർശനമായ നിയന്ത്രണങ്ങളിലൂടെ ഏഴുവരെ മാത്രം 7568 പേർക്ക് പെൻഷൻ വിതരണം ചെയ്തു. ജില്ലയിലെ 11 ട്രഷറികളിൽ ഏറ്റവുമധികം പേർ പെൻഷൻ വാങ്ങിയത് അടൂരാണ്. 1193 പേർ. ഏറ്റവും കുറച്ചുപേർ റാന്നി പെരുനാട് ട്രഷറിയിലാണ് പെൻഷൻ വാങ്ങിയത്. ഇവിടെ 395 പേർ മാത്രം. പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ പ്രകാരം അവസാന അക്കം നോക്കി ഇടപാട് നിയന്ത്രിച്ചതിനാലാണ് ട്രഷറികളിൽ എത്തുന്നവരുടെ എണ്ണം കുറയ്ക്കാനായത്. മുതിർന്ന പൗരന്മാരായതിനാൽ തിരക്ക് നിയന്ത്രിക്കാൻ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെയായിരുന്നു പെൻഷൻ വിതരണം. ജില്ലയിലാകെ 23,964 പെൻഷൻകാരാണുള്ളത്. അടിയന്തരമായി പണം ആവശ്യമില്ലാത്തവർ ട്രഷറികളിൽ എത്താതിരുന്നതും തിരക്ക് കുറയ്ക്കാൻ സഹായകമായി. ആരോഗ്യവകുപ്പ് പറയുന്ന സാമൂഹ്യ അകലം പാലിക്കാൻ മിക്ക ട്രഷറികളിലും സൗകര്യമില്ലെങ്കിലും പരാതികളില്ലാതെ ആദ്യദിവസങ്ങളിൽ പെൻഷൻ വിതരണം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ജീവനക്കാർ. അക്കൗണ്ട് നമ്പർ പ്രകാരമുള്ള നിയന്ത്രണം മാറിയതോടെ കൂടുതൽ പേർ പെൻഷൻ വാങ്ങാനെത്തി. അടിയന്തര സേവനം നൽകേണ്ടതിനാൽ അവധിയും വിശ്രമവുമില്ലാതെ ജോലിയെടുക്കുകയാണ് ജീവനക്കാർ. ലോക്ക് ഡൗണിന്റെ അടിയന്തര സാഹചര്യത്തിൽ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ കുറവ് വരുത്തിയെങ്കിലും അത്രയും തിരക്കില്ലാത്ത ട്രഷറികൾ ഇപ്പോഴും അഞ്ചുവരെയാണ് പ്രവർത്തിക്കുന്നത്. ഒന്നാംതീയതി മുതൽ ജീവനക്കാർ അവധിയെടുക്കരുതെന്നാണ് നിർദ്ദേശം. ജീവനക്കാർ ഒന്നിച്ചെത്തുന്നതും സർക്കാർ ഒഴിവാക്കിയിട്ടില്ല. ഇതുകാരണം വിദൂരങ്ങളിൽ നിന്നെത്തുന്ന ജീവനക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ്.