കോന്നി: നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യമേഖലയെ ശക്തിപ്പെടുത്താൻ കെ.യു.ജനീഷ്‌കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ അനുവദിച്ചു.ഇതു സംബന്ധിച്ച കത്ത് എം.എൽ.എ,ജില്ലാ കളക്ടർ പി.ബി.നൂഹിന് കൈമാറി. ഫണ്ടിൽ നിന്നും കോന്നി താലൂക്ക് ആശുപത്രിക്കും, കോന്നി ഒഴികെയുള്ള 10 പഞ്ചായത്തുകളിൽ സ്ഥിതി ചെയ്യുന്ന സി.എച്ച്.സി, എഫ്.എച്ച്.സി, പി.എച്ച്.സി തടങ്ങിയവയ്ക്കും ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നല്കും.കോന്നി താലൂക്കാശുപത്രിക്ക് ആംബുലൻസും, മറ്റു പത്തു പഞ്ചായത്തുകളിലെ സ്ഥാപനങ്ങൾക്ക് ഓരോ മിനി ആംബുലൻസും വാങ്ങി നല്കും. കോന്നി താലൂക്ക് ആശുപത്രിയിൽ രണ്ട് വെന്റിലേറ്ററുകൾ വാങ്ങി നല്കും. കോന്നി നിയോജക മണ്ഡലത്തിലെ ആശുപത്രികൾക്കായി ഓക്സിജൻ സിലണ്ടർ വിത്ത് സ്റ്റാന്റ് 50 എണ്ണം വാങ്ങും. കോവിഡ് പരിശോധനകൾക്കായി റാപ്പിഡ് ടെസ്റ്റ് കിറ്റ് 2000 എണ്ണവും, പി.പി.ഇ കിറ്റ് 1000 എണ്ണവും, ത്രീ ലെയർ മാസ്‌ക് 5000 എണ്ണവും വാങ്ങും.50 വീൽചെയർ ,സ്ട്രക്ചർ ട്രോളി 50 എണ്ണം തുടങ്ങിയവ വാങ്ങുന്നതിനും തുക വിനിയോഗിക്കും.ഇൻഫ്രാറെഡ് ഡിജിറ്റൽ തെർമോമീറ്റർ എല്ലാ ആശുപത്രിക്കും ലഭ്യമാക്കും. ആവശ്യകതയ്ക്കനുസരിച്ച് ഹാന്റ് സാനിറ്റൈസർ, ഹാന്റ് വാഷ്, ടിഷ്യൂപേപ്പർ തുടങ്ങിയവയും വാങ്ങും.കോന്നി നിയോജക മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങൾ കോവിഡ് ബാധയെ നേരിടുന്നതിന് പര്യാപ്തമാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന് അടിയന്തര സഹായമായാണ് രണ്ട് കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചു നല്കുന്നതെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എപറഞ്ഞു . അസിസ്റ്റന്റ് കളക്ടർ വിനയ് ഗോയലും പങ്കെടുത്തു.