പന്തളം: പന്തളം കടയ്ക്കാട് ചന്തയിൽ വിൽപ്പനക്കെത്തുന്നത് പഴകിയ മീനുകളെന്ന് പരാതി.

അഴുകിയതും,അമോണിയം, ഫോർമാലിൻ എന്നിവ തളിച്ചതുമായ മത്സ്യമാണ് വില്പനയ്‌ക്കെക്കെത്തുന്നത്. പരിശോധന കാര്യമായിട്ട് ഇല്ലാത്തതിനാലാണ് അനധികൃത കച്ചവടം നടക്കുന്നതെന്ന ആക്ഷേപമുണ്ട്. തമിഴ്നാട്, ആന്ധ്ര ,ഗോവ, കർണ്ണാടക എന്നീ അന്യസംസ്ഥാനങ്ങളിൽ നിന്നും ദിനംപ്രതി നൂറുക്കണക്കിന് ലോഡ് മീനുകളാണ് പന്തളം കടയ്ക്കാട്ചന്തയിൽ കൊണ്ടുവരുന്നത്. ഇവിടെ മീനുകളുടെ മൊത്തവ്യാപാരമാണു നടക്കുന്നത്. ചെങ്ങന്നൂർ, മുളക്കുഴ പുന്തല,ആദിക്കാട്ടുകുളങ്ങര,പഴകുളം,ചാരുംമൂട്,നൂറനാട്, അടൂർ, ഏനാത്ത്,പറക്കോട്,കോഴഞ്ചേരി തുടങ്ങി സമീപ സ്ഥലങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ചെറുകിട വ്യാപാരികൾ ഇവിടെ എത്തിയാണ് മീൻ വാങ്ങുന്നത്.എം.സി. റോഡിൽ എം.എം. ജംഗ്ഷനു സമീപമുള്ള മീൻ കടയിൽ നിന്നു വാങ്ങി കൊണ്ടുപോയി കറി വെച്ച് കഴിച്ച പലർക്കും ശർദ്ദിയും വയറിളക്കവും ഉണ്ടായതായും പരാതിയുണ്ട്.വിവരം പലരും വ്യാപാരിയെ അറിയിച്ചെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഇയാൾ ഒഴിയുകയായിരുന്നെന്നും പരാതിക്കാർ പറയുന്നു.എം.സിറോഡിന്റെ സൈഡിലുള്ള ഈ വ്യാപാര സ്ഥാനത്തിനെതിരെ മുമ്പും പലതവണ പരാതി ഉണ്ടായിട്ടുണ്ട് .ആരോഗ്യ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ ഒരു നടപടിയും എടുക്കാറില്ലന്നാണ് പ്രദേശവാസികൾ പറയുന്നത്.