പത്തനംതിട്ട : കോവിഡ് 19 മായി ബന്ധപ്പെട്ട് കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് പ്രഖ്യാപിച്ച പ്രത്യേക അടിയന്തര ധനസഹായ വിതരണം ജില്ലയിൽ ആരംഭിച്ചു. മുണ്ടപ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടന്ന ചടങ്ങിൽ ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗം മുണ്ടപ്പള്ളി തോമസ് ആശ്വാസ ധനസഹായ തുക വിതരണോദ്ഘാടനം നിർവഹിച്ചു. 2020 മാർച്ച് ഒന്നു മുതൽ 20 വരെയുള്ള കാലയളവിൽ ക്ഷീരസംഘങ്ങളിൽ പാൽ അളന്ന എല്ലാ ക്ഷേമനിധി അംഗങ്ങൾക്കും അവർ അളന്ന ഓരോ ലിറ്റർ പാലിനും ഒരു രൂപ ആശ്വാസ ധനസഹായമായി നൽകും. കുറഞ്ഞ തുക 250 രൂപയായും പരമാവധി 1000 രൂപയിൽ അധികരിക്കാത്ത രീതിയിലാണ് നൽകുന്നത്. കോവിഡ് ബാധിതരായ ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്ക് 10,000 രൂപ നിരക്കിലും കോവിഡ് നിരീക്ഷണത്തിലുള്ള ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്ക് 2,000 രൂപ നിരക്കിലും ധനസഹായം നൽകും. ജില്ലയിലെ ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങളായ 13,455 കർഷകർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.