പത്തനംതിട്ട: നാലുംകൂട്ടി മുറുക്കി നടക്കാൻ കൊവിഡ് ഒരുവിധത്തിലും സമ്മതിക്കുന്നില്ല. ലോക്ക് ഡൗണിൽ വെറ്റില വിപണിക്ക് പൂട്ടുവീണത് കർഷകരെയും മുറുക്ക് ശീലമാക്കിയവരെയും ഒരുപോലെ കഷ്ടത്തിലാക്കി. വെറ്റിലയ്ക്ക് വിപണിയിൽ നല്ലവില കിട്ടേണ്ട സമയമാണിത്. ചന്തകളും മുറുക്കാൻ കടകളും പ്രവർത്തിക്കാത്തതുകാരണം വെറ്റില വിൽക്കാൻ പറ്റാതായി. മൂന്നാഴ്ചയായി വെറ്റിലയെടുക്കാൻ ആളില്ല.
തമിഴ്നാട്ടിൽ നിന്ന് മൊത്തക്കച്ചവടക്കാരും വരുന്നില്ല.
കൊടികളിൽ നിന്ന് ആഴ്ചതോറും വെറ്റില പറിച്ചെടുത്ത് ചന്തകളിൽ വിറ്റാണ് കർഷകർ വരുമാനം കണ്ടെത്തുന്നത്. ലോക്ക് ഡൗൺ വന്നതോടെ പാകമായ വെറ്റിലകൾ നശിക്കുകയാണ്. ആഴ്ചയിലൊരിക്കൽ പറിച്ചെടുത്തില്ലെങ്കിൽ ഇല മൂത്ത് അടത്തിലയാകും. പിന്നീട് കൊടിയിൽ മുള പൊട്ടില്ല. മൂത്ത വെറ്റിലകൾ പറിച്ചു കളയുകയേ നിവൃത്തിയുള്ളൂ.
80 വെറ്റിലയുടെ ഒരു കെട്ടിന് 100 മുതൽ 150 രൂപ വരെ കിട്ടേണ്ട സമയത്താണ് കൊവിഡ് കർഷകനെ കണ്ണീരിലാഴ്ത്തിയത്. 200 മൂടുളള വെറ്റക്കൊടിയിൽ നിന്ന് ആഴ്ചയിൽ പതിനായിരം രൂപയിലേറെ വരുമാനം നേടുന്നവരാണ് ചെറുകിട വെറ്റില കർഷകർ. ലോക്ക് ഡൗൺ ഇനിയും നീണ്ടാൽ കൃഷി വൻ നഷ്ടത്തിലാകുമെന്ന് കർഷകർ പറയുന്നു. മഴയത്തും വരൾച്ചയിലും മറ്റു കൃഷികൾ നശിക്കുമ്പോൾ ലഭിക്കുന്ന അതേ ഇൻഷുറൻസാണ് വെറ്റില കൃഷിക്കുമുളളത്. ലോക്ക് ഡൗൺ കാരണം വിളവെടുക്കാൻ കഴിയാതെ വെറ്റില നശിക്കുമ്പാേൾ അർഹമായ നഷ്ടപരിഹാരം വേണമെന്നതാണ് കർഷകരുടെ ആവശ്യം.
>>
'' പതിനഞ്ച് വർഷത്തിലേറെയായി വെറ്റില കൃഷി ചെയ്യുന്നു. കുടുംബം കഴിയാനുളള വരുമാനം വെറ്റിലയിൽ നിന്നാണ് കിട്ടിക്കൊണ്ടിരുന്നത്. ഇതുപോലൊരു പ്രതിസന്ധി ഇതിന് മുമ്പുണ്ടായിട്ടില്ല ''
ശിവദാസൻ,
പളളിക്കൽ തെങ്ങമം സ്വദേശി
വെറ്റില കർഷകൻ
വെറ്റില
മുറുക്ക്, വിവാഹം, ദക്ഷിണ, ആദ്യക്ഷരം കുറിക്കൽ, വെറ്റില ജ്യോതിഷം എന്നിവയ്ക്ക് പ്രധാനം. വെറ്റില നീര് ആയുർവേദ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
കൃഷി ഇങ്ങനെ
വർഷത്തിൽ രണ്ട് തവണയാണ് കൃഷി. മണ്ണ് കോരിയുണ്ടാക്കുന്ന പാത്തിയിൽ ഒന്നര അടി അകലത്തിൽ വെറ്റക്കൊടിയിടും. തൂപ്പോ ഒാലയോ കൊണ്ട് തണുപ്പിട്ട് മൂന്നുമാസം രാവിലെയും വൈകിട്ടും വെളളം നനയ്ക്കണം. 15ദിവസം കൂടുമ്പോൾ വളമിടണം. വെറ്റക്കൊടിക്ക് കേടുകൂടാതെ രണ്ട് വർഷം ആദായം ലഭിച്ചെങ്കിൽ മാത്രമേ കൃഷി ലാഭകരമാകൂ.