ചെങ്ങന്നൂർ: രൂക്ഷമായ കുടിവെള്ള ക്ഷാമം കാരണം സമൂഹ അടുക്കള പ്രവർത്തിപ്പിക്കാൻ പോലും കഴിയുന്നില്ലെന്ന പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റുമാർ.സജി ചെറിയാൻ എം.എൽ.എ വിളിച്ചു ചേർത്ത കോവിഡ് 19 പ്രതിരോധ പ്രവർത്തന അവലോകന യോഗത്തിലാണ് മണ്ഡലത്തിൽ കിട്ടാക്കനിയായ കുടിവെള്ളപ്രശ്‌നം ചർച്ചയായത്. ചെങ്ങന്നൂർ താലൂക്കിലെ ആറ് പഞ്ചായത്തുകളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്.ബുധനൂർ ,പുലിയൂർ ,ആലാ ,വെണ്മണി ,പാണ്ടനാട് ,തിരുവൻവണ്ടൂർ എന്നീ പഞ്ചായത്തുകളിലാണ് ശുദ്ധജല ക്ഷാമം രൂക്ഷമായിരിക്കുന്നത്. മണ്ഡലത്തിൽ ചെങ്ങന്നൂർ നഗരസഭയും മറ്റ്അവശേഷിക്കുന്ന അഞ്ചു പഞ്ചായത്തുകളിലും ജലസ്രോതസുകൾ വറ്റിവരണ്ടു തുടങ്ങി. ജലനിരപ്പ് താഴ്ന്ന കിണറുകളിലെ വെള്ളം നിറംമാറി കലങ്ങിയ നിലയിലാണ്. കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് പ്രസിഡന്റുമാർ ആവശ്യപ്പെട്ടു.പാണ്ടനാട്, ബുധനൂർ ഗ്രാമങ്ങൾ നദികളാൽ ചുറ്റപ്പെട്ടതാണെങ്കിലും ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് കിണറ്റുവെള്ളം ചെളികലർന്ന് ചുവന്ന നിറത്തിലാണ്. ജലത്തിനുമീതെ എണ്ണ പ്പാടപോലെ കാണപ്പെടുന്നതായി പ്രസിഡന്റുമാർ പറഞ്ഞു .അന്യ സംസ്ഥാനത്തൊഴിലാളികൾക്കായി 23 ക്യാമ്പുകൾ ബുധനൂരിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ വെള്ളം നൽകാൻ മാർഗമൊന്നുമില്ല. വെണ്മണി പഞ്ചായത്തിൽ പ്രളയ സമയത്ത് കളക്ടറുടെ നിർദേശപ്രകാരം വിതരണം ചെയ്ത കടിവെള്ളത്തിന്റെ പണം വർഷം രണ്ടായിട്ടും പഞ്ചായത്തിന് ലഭിച്ചിട്ടില്ല. കളക്ടർക്കടക്കം പരാതി നൽകിയിട്ടും നടപടി ആയില്ലെന്ന് പ്രസിഡന്റ് കെ. ലെജുകുമാർ പറഞ്ഞു.പഞ്ചായത്തിൽ നിന്ന് കുടിവെള്ളം നൽകാൻ മാർഗ്മില്ലാത്തതിനാൽ റവന്യൂ വകുപ്പ് അടിയന്തരമായി വിഷയത്തിൽപ്പെട്ടണമെന്നാണ് ആവശ്യം.