പത്തനംതിട്ട: രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്കും കൊവിഡ് 19 സ്ഥിരീകരിച്ചത് ജില്ലയിൽ ആരോഗ്യവകുപ്പിന് പുതിയ വെല്ലുവിളിയായി. സാമൂഹ്യവ്യാപനത്തിന് സാദ്ധ്യതയില്ലെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയിട്ടുണ്ടെങ്കിലും ജില്ലയ്ക്ക് പുറത്തു നിന്ന് രോഗലക്ഷണങ്ങൾ ഇല്ലാതെ വന്ന നാല് പേരുടെ സ്രവ പരിശാേധനാ ഫലം പോസിറ്റീവായി. റിപ്പോർട്ട് ചെയ്ത ഇത്തരം ആറ് കേസുകളിൽ മൂന്നും പത്തനംതിട്ടയിലാണ്.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ദുബായിയിൽ നിന്നെത്തിയ റാന്നി ഇടപ്പാവൂർ സ്വദേശിയായ യുവാവ്, ഡൽഹിയിൽ നിന്ന് സ്വദേശമായ പന്തളത്ത് എത്തിയ 19വയസുളള വിദ്യാർത്ഥിനി, ദുബായിൽ നിന്ന് അടൂരിലെത്തിയ 46കാരൻ, ദുബായിൽ നിന്നെത്തിയ 60കാരൻ എന്നിവരിലാണ് രോഗ ലക്ഷണങ്ങളില്ലാതെ കൊവിഡ് സ്ഥിരീകരിച്ചത്.
ഇടപ്പാവൂർ സ്വദേശി മാർച്ച് 22നാണ് നാട്ടിലെത്തിയത്. 14ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം ഇയാൾ രോഗം ഇല്ലെന്ന് കരുതിയിരിക്കുമ്പോഴാണ് സാമ്പിൾ ഫലം പോസിറ്റീവായത്. 19കാരി മാർച്ച് 17ന് നാട്ടിലെത്തി 14 ദിവസം വീട്ടിൽ എെസൊലേഷൻ പൂർത്തിയാക്കിയ ശേഷം നടത്തിയ സ്രവ പരിശോധനയിൽ ഫലം പൊസിറ്റീവായത്. ഡൽഹിൽ നിസാമുദ്ദീനിൽ നിന്നെത്തിയ ഇവർക്കൊപ്പം ട്രെയിനിലും കെ.എസ്.ആർ.ടി.സി ബസിലും യാത്രചെയ്തവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അടൂരിലെ യുവാവ് രണ്ടാഴ്ച മുൻപ് നാട്ടിലെത്തി പലയിടങ്ങളിലും യാത്ര ചെയ്തതിനെ തുടർന്ന് നാട്ടുകാരുടെ പരാതിപ്രകാരമാണ് സ്രവ പരിശോധന നടത്തിയത്. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപതിയിൽ എെസോലേഷനിലാക്കി.
കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട ഇലന്തൂർ നെല്ലിക്കാല സ്വദേശിക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ദുബായിൽ നിന്ന് മാർച്ച് 19ന് നാട്ടിലെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും കൊവിഡ് സ്ഥിരീകരിക്കുന്നതിനാൽ ജാഗ്രത കൂടുതൽ ശക്തമാക്കേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ഹോട്ട് സ്പോട്ട് മേഖലകളിൽ നിന്നുളളവരെ പ്രത്യേകം നിരീക്ഷിക്കും
കൊവിഡ് ഹോട്ട് സ്‌പോട്ട് മേഖലകളായി കണ്ടെത്തിയ പ്രദേശങ്ങളിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്ന മുഴുവൻ ആളുകളുടെയും പട്ടിക തയാറാക്കി സ്രവം പരിശോധിക്കാനുള്ള നീക്കമാണ് പത്തനംതിട്ടയിൽ ആരംഭിച്ചിരിക്കുന്നത്. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭിക്കുന്നതോടെ മാത്രമേ ഇതു സാധ്യമാകൂ. 3000 ടെസ്റ്റ് കിറ്റിനുള്ള ഓർഡർ ജില്ലയിൽ നൽകിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവർ 28 ദിവസം കഴിഞ്ഞേ പുറത്തിറങ്ങാവൂ എന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ലോക്ക് ഡൗൺ കഴിഞ്ഞാലും നിയന്ത്രണം വേണ്ടിവരും
അന്യ സംസ്ഥാനത്തു നിന്നും വിദേശത്ത് നിന്നും കൂടുതൽ ആളുകൾ വരുന്ന ജില്ലയെന്ന നിലയിൽ പത്തനംതിട്ടയിൽ ലോക്ക് ഡൗൺ കഴിഞ്ഞാലും ചില നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് ഡി.എം.ഒ ഡോ. എ.എൽ. ഷീജ കേരളകൗമുദിയോട് പറഞ്ഞു. ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ജില്ലാ ഭരണകൂടവും സർക്കാരുമാണ്. ലക്ഷണങ്ങൾ ഇല്ലാത്തവരിൽ രോഗം സ്ഥിരീകരിക്കുന്നത് കൂടുതൽ ജാഗ്രതയോടെ കാണണമെന്ന് ഡി.എം.ഒ പറഞ്ഞു.