പത്തനംതിട്ട : ജില്ലയിൽ ഇന്നലെ ഒരാൾക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് എത്തിയ അയിരൂർ ഇടപ്പാവൂർ സ്വദേശിക്കാണ് രോഗം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസലേഷനിലാണ്. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. എട്ട് പേർക്ക് ഭേദമായി ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചത് 27കാരനാണ്. മാർച്ച് 21 ന് വൈകിട്ട് 6.45ന് ദുബായിൽ നിന്ന് യാത്രതിരിച്ച ഇയാൾ 22ന് പുലർച്ചെ 2.55 ന് ബാംഗ്ലൂർ വിമാനത്താവളത്തിൽ ഇറങ്ങി. എയർപോർട്ട് അതോറിറ്റി ആകാശ് ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ നിന്ന് യാത്ര തിരിച്ച് രാവിലെ 10 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങി.
ഉച്ചയ്ക്ക് 12.45 ന് പത്തനംതിട്ട ഇടപ്പാവൂരിലെ വീട്ടിലെത്തി. തുടർന്ന് നിരീക്ഷണത്തിൽ പ്രവേശിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമ്പോഴും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ല. കാെവിഡ് ഹോട്ട് സ്‌പോട്ടായ ദുബായിൽ നിന്ന് എത്തിയതിനാലാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്.
ഇതുവരെ 4 പ്രൈമറി കോണ്ടാക്ടുകളെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ക്ലോസ് കോണ്ടാക്ടായി ഒരു നായയേയും കണ്ടെത്തി.