പത്തനംതിട്ട: തദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണും ബഡ്ജറ്റ് ഹോട്ടലുമല്ലാതെ മറ്റ് സംഘടനകളും വ്യക്തികളും നടത്തുന്ന സമാന്തര ഭക്ഷണ വിതരണം ഇന്നു മുതൽ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. ജില്ലയിൽ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ പഞ്ചായത്ത് സെക്രട്ടറിമാർ, മുനിസിപ്പൽ സെക്രട്ടറിമാർ എന്നിവരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ജില്ലാ കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.

തദ്ദേശ സ്ഥാപനങ്ങളുടെ കമ്മ്യൂണിറ്റി കിച്ചണും കുടുംബശ്രീയുടെ ബഡ്ജറ്റ് ഹോട്ടലിനും സമാന്തരമായി നടത്തുന്ന ഭക്ഷണവിതരണം ചില പ്രശ്‌നങ്ങൾ ഉയർത്തുന്ന പശ്ചാത്തലത്തിലാണു തീരുമാനം. സംഘടനകളും വ്യക്തികളും വീടുകളിൽനിന്നു ശേഖരിക്കുന്ന ഭക്ഷണപ്പൊതികളിൽ ഏതെങ്കിലും തരത്തിൽ ഭക്ഷ്യവിഷ ബാധയുണ്ടായാൽ അതു ഭീഷണി ഉണ്ടാക്കും.